തിരുവനന്തപുരം : സംസ്ഥാനത്ത് അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ‘പ്രോജക്ട് സീറോ’യുടെ കീഴിൽ 1,600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഇതിൽ 250 പേർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന റെഡ് കാറ്റഗറിയിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റവന്യൂ, എൽ.എസ്.ജി.ഡി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലുള്ളത്.
കാലത്തിനനുസരിച്ച് അഴിമതിക്കാരുടെ ശൈലി മാറിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. പരസ്യമായി പണം വാങ്ങുന്ന രീതി മാറി ഇപ്പോൾ ഡിജിറ്റലായാണ് കൈക്കൂലി ഇടപാടുകൾ നടക്കുന്നത്. വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് ഇടനിലക്കാർ വഴി പണം വാങ്ങുന്ന പ്രവണത പോലും കണ്ടെത്തിയിട്ടുണ്ടെന്ന് മനോജ് എബ്രഹാം വെളിപ്പെടുത്തി. ബിനാമി പേരുകളിലാണ് ഇത്തരം ഇടപാടുകൾ മുഴുവൻ നടത്തുന്നത്.
അഴിമതി തടയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഫയൽ കൈമാറ്റങ്ങൾ ഉൾപ്പെടെയുള്ളവ എ.ഐ സഹായത്തോടെ സൂക്ഷ്മമായി പരിശോധിക്കും. ഇത്തരം പരിശോധനകളിൽ എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നിരീക്ഷണവും നിയമനടപടികളും ഉണ്ടാകുമെന്നും വിജിലൻസ് ഡയറക്ടർ വ്യക്തമാക്കി.



