കേരള ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ അടിമുടി പിടിച്ചുലച്ചുകൊണ്ട് വി.ഡി. സതീശൻ സർക്കാരിന്റെ കടുത്ത ഉദ്യോഗസ്ഥ അഴിച്ചുപണി പുറത്തുവന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തരായിരുന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെപ്പോലും നിർണായക സ്ഥാനങ്ങളിൽ നിന്ന് സർക്കാർ തൂത്തെറിഞ്ഞിരിക്കുന്നു. അധികാരമേറ്റ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ ഭരണയന്ത്രം പൂർണ്ണമായും ശുദ്ധീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് രംഗത്തിറങ്ങിയ കാഴ്ചയാണ് നാം കാണുന്നത്. എം.ജി. രാജമാണിക്യം, പി.ബി. നൂഹ്, ശർമിള മേരി ജോസഫ് തുടങ്ങിയ ഐ എ എസ് വമ്പന്മാരുടെ കസേരകളാണ് ഒരൊറ്റ ഉത്തരവിലൂടെ തെറിച്ചുപോയത്. ബി. അശോക് പൊതുഭരണ വകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ തുടങ്ങിയ ഈ ഭരണപരിഷ്കാരം സെക്രട്ടേറിയറ്റിൽ വലിയ രാഷ്ട്രീയ ചലനങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.
ഇതിൽ ഏറ്റവും വലിയ പ്രഹരം നേരിട്ടത് മുഖ്യമന്ത്രിയുടെ അതീവ വിശ്വസ്തനായിരുന്ന എം.ജി. രാജമാണിക്യത്തിനാണ്. സതീശൻ സർക്കാർ അധികാരമേറ്റപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്ക് വരെ സജീവമായി പരിഗണിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു എം.ജി. രാജമാണിക്യം. തുടർന്ന് ദേവസ്വം, ഊർജ്ജ സെക്രട്ടറി പദവികളും കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എന്ന അതിപ്രധാനമായ പദവിയും എം.ജി. രാജമാണിക്യത്തെ തേടിയെത്തി. എന്നാൽ നവംബർ ആദ്യവാരം നടന്ന അപ്രതീക്ഷിത അഴിച്ചുപണിയിൽ രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്ക് ഒതുക്കിയിരിക്കുകയാണ്.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ, സിപിഎം അടക്കമുള്ള പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിച്ച ഘട്ടത്തിൽ കെ.സി. വേണുഗോപാൽ എം പി നേരിട്ട് ഇടപെട്ട് ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് പതിനാല് രൂപ നിരക്കിൽ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാൻ ഉറപ്പിച്ചിരുന്നു. എന്നാൽ കെ.എസ്.ഇ.ബി ചെയർമാനും ഊർജ്ജ സെക്രട്ടറിയുമായിരുന്ന രാജമാണിക്യം ഈ നിർണായക ഫയലിൽ തീരുമാനമെടുക്കാതെ മനഃപൂർവം വെച്ചുതാമസിപ്പിച്ചുവെന്നാണ് ആരോപണം. കത്തുകളിൽ സമയബന്ധിതമായി നടപടിയെടുക്കാതെ ഉഴപ്പിയതോടെ, കേരളത്തിന് ഉറപ്പായ ആ വൈദ്യുതി ഹിമാചൽ പിന്നീട് രാജസ്ഥാന് നൽകുകയാണുണ്ടായത്. ഇതോടെ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെ തലപ്പത്ത് എത്തിക്കണമെന്ന ആവശ്യമുയരുകയും കളക്ടർ ബ്രോ എൻ. പ്രശാന്ത് പുതിയ കെ.എസ്.ഇ.ബി ചെയർമാനായി ചുമതലയേൽക്കുകയും ചെയ്തു.
മറ്റൊരു സ്ഥാനചലനം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന്റേതാണ്. ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനുമായി ശർമിള നേരത്തേ തന്നെ കടുത്ത ഭിന്നതയിലായിരുന്നു എന്നതാണ് പരസ്യമായ രഹസ്യം. മന്ത്രിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഫയലുകൾ നീക്കുന്നതിൽ ശർമിള അനാവശ്യ കാലതാമസം വരുത്തിയെന്നും വകുപ്പിന്റെ പ്രവർത്തനം താളംതെറ്റിച്ചുവെന്നും ആക്ഷേപമുയർന്നിരുന്നു. മന്ത്രിയെ വകവയ്ക്കാതെ ഉദ്യോഗസ്ഥ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതോടെ ശർമിളയെ ആരോഗ്യവകുപ്പിൽ നിന്ന് മാറ്റി ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാക്കി ഒതുക്കി. കാര്യക്ഷമത തെളിയിച്ച എ.പി.എം. മുഹമ്മദ് ഹനീഷിനാണ് ഇപ്പോൾ ആരോഗ്യവകുപ്പിന്റെ പൂർണ്ണ ചുമതല നൽകിയിരിക്കുന്നത്.
സമാനമായ രീതിയിൽ ഐഎഎസ് ഉദ്യോഗസ്ഥൻ പി.ബി. നൂഹിന്റെ കസേര തെറിച്ചതിന് പിന്നിലും ഗുരുതരമായ ആക്ഷേപങ്ങളുണ്ട്. കൊച്ചിയിൽ അഴിമതിക്കേസിൽ വിജിലൻസ് വലയിലായ മുൻ ജി.എസ്.ടി ജോയിന്റ് കമ്മിഷണറുടെ ആതിഥേയത്വം സ്വീകരിച്ചതാണ് നൂഹിന് വിനയായത്. ഇതോടെ നൂഹിനെ സ്പെഷ്യൽ സെക്രട്ടറി പദവിയിലേക്ക് ഒതുക്കുകയാണുണ്ടായത്. മുപ്പത്തിയഞ്ചോളം ഉന്നത ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് മാറ്റിപ്രതിഷ്ഠിച്ചത്. മുഖ്യമന്ത്രിയുമായി എത്രയധികം വ്യക്തിബന്ധമുണ്ടായാലും ഭരണകാര്യങ്ങളിൽ വീഴ്ചയോ വഴിവിട്ട നീക്കങ്ങളോ കാണിച്ചാൽ ആരും രക്ഷപ്പെടില്ലെന്ന വി.ഡി. സതീശന്റെ ശക്തമായ സന്ദേശമാണ് ഈ ഭരണ അഴിച്ചുപണിയിലൂടെ വ്യക്തമാകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശുദ്ധീകരണ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമോ എന്ന് കാത്തിരുന്നു കാണാം.



