അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളിലും ആധിപത്യം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും ഭരണത്തിനും കനത്ത പ്രഹരമേൽപ്പിച്ചാണ് യുഎസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ ചരിത്ര വിജയം സ്വന്തമാക്കിയത്. ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആധിപത്യം അവസാനിച്ചതോടെ ട്രംപിന്റെ രണ്ടാം ഭരണകാലയളവിന്റെ അവസാന രണ്ടു വർഷങ്ങൾ കടുത്ത പ്രതിസന്ധിയിലാകും.
രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, ഉൽപ്പന്നങ്ങൾക്കുള്ള തീരുവ വർദ്ധനവ്, ഇന്ധനവില കുതിച്ചുയരാൻ കാരണമായ യുഎസ്-ഇറാൻ യുദ്ധം എന്നിവയിലുള്ള ജനങ്ങളുടെ കടുത്ത അമർഷമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായത്. ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിൽ എത്തിനിൽക്കെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടിയതോടെ ട്രംപിന്റെ നിയമനിർമ്മാണ അജണ്ടകൾ തടയാനും ഭരണകൂടത്തിനെതിരെ വിപുലമായ അന്വേഷണങ്ങൾ ആരംഭിക്കാനും ഡെമോക്രാറ്റുകൾക്ക് സാധിക്കും. സെനറ്റിലെ വിജയം വഴി സുപ്രീം കോടതി ജഡ്ജിമാർ, മുതിർന്ന ഭരണതല ഉദ്യോഗസ്ഥർ എന്നിവരുടെ നിയമനങ്ങളിൽ തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരത്തെയും പ്രതിപക്ഷം പ്രതിരോധത്തിലാക്കും.
ടെക്സസിൽ ജെയിംസ് തലറിക്കോയും ജോർജിയയിൽ ജോൺ ഒസോഫും വടക്കൻ കരോലിനയിൽ റോയ് കൂപ്പറും വിജയം കൊയ്തപ്പോൾ കൻസാസ്, ഐയോവ, ഒഹായോ തുടങ്ങിയ നിർണായക സംസ്ഥാനങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ വൻ മുന്നേറ്റം നടത്തി. ഇതിനുപുറമേ ജോർജിയയിൽ കിഷ ലെൻസ് ബോട്ടംസ് വിജയിച്ച് സംസ്ഥാനത്തെ ആദ്യ കറുത്തവർഗ്ഗക്കാരിയായ ഗവർണറായി ചരിത്രം കുറിച്ചു. ഇലിനോയി, ന്യൂയോർക്ക്, പെൻസിൽവേനിയ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് ഗവർണർമാർ പദവി നിലനിർത്തി.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ നിയമനിർമ്മാണ നീക്കങ്ങളെ വീറ്റോ അധികാരം ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന സൂചനയുമായി ട്രംപ് രംഗത്തെത്തി. ‘Veto’ എന്ന് രേഖപ്പെടുത്തിയ ചുവന്ന തൊപ്പിയുടെ ചിത്രം തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. വരുന്ന രണ്ടു വർഷങ്ങളിൽ വാഷിംഗ്ടണിൽ കടുത്ത രാഷ്ട്രീയ ഭരണ സ്തംഭനത്തിനുള്ള സാധ്യതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.



