കേരളത്തിലെ ടെലിവിഷൻ മാധ്യമരംഗത്ത് തനതായ ശൈലി കൊണ്ടും മൂർച്ചയേറിയ ചോദ്യങ്ങൾ കൊണ്ടും സ്വന്തമായി ഒരിടം കണ്ടെത്തിയ പ്രമുഖ മാധ്യമപ്രവർത്തകയാണ് നിഷാ പുരുഷോത്തമൻ. കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിഷാ പുരുഷോത്തമൻ എത്തുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്നത്. ഈ പ്രചാരണം പുറത്തുവന്നതോടെ എതിർപക്ഷത്തുള്ള രാഷ്ട്രീയ പ്രവർത്തകർ വലിയ രീതിയിലുള്ള അങ്കലാപ്പിലുമായി. കാരണം മറ്റൊന്നുമല്ല, സായാഹ്ന ചർച്ചകളിൽ രാഷ്ട്രീയ പാർട്ടികളുടെ, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ പല രാഷ്ട്രീയ വാദമുഖങ്ങളെയും കൃത്യമായ വസ്തുതകൾ നിരത്തി ചോദ്യം ചെയ്യുകയും പൊളിച്ചടുക്കുകയും ചെയ്യുന്നത് നിഷയുടെ പരിപാടികളിൽ പതിവു കാഴ്ചയാണ്. സിപിഎം പ്രതിനിധികളുമായി ചാനൽ സ്റ്റുഡിയോകളിൽ അവർ നടത്തിയ പല തീപാറുന്ന വാഗ്വാദങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിട്ടുള്ള ഒന്നാണ്. അതിനാൽ തന്നെ ഇത്തരം ഒരു വാർത്ത വന്നപ്പോൾ അത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നത്.
യഥാർത്ഥത്തിൽ ആരാണ് നിഷാ പുരുഷോത്തമൻ? മലയാളത്തിലെ ടെലിവിഷൻ ജേർണലിസത്തിന്റെ തുടക്കകാലം മുതൽ ഈ രംഗത്ത് സജീവമായി നിൽക്കുന്ന വളരെ പരിചയസമ്പന്നയായ ഒരു പത്രപ്രവർത്തകയാണ് അവർ. മനോരമയുടെ പ്രശസ്തമായ ജേർണലിസം സ്കൂളായ മാസ്കോമിൽ നിന്ന് പഠനം പൂർത്തിയാക്കിയാണ് നിഷ മാധ്യമപ്രവർത്തനത്തിലേക്ക് ഔദ്യോഗികമായി കാലെടുത്തുവെക്കുന്നത്. പിന്നീട് 2003-ൽ കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ചാനലായ ഇന്ത്യാവിഷനിലൂടെ അവർ തൻ്റെ കരിയർ ആരംഭിച്ചു. വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള നിർണായക സംഭവങ്ങൾ കൃത്യതയോടെയും ധൈര്യത്തോടെയും റിപ്പോർട്ട് ചെയ്ത് തുടക്കകാലത്തുതന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അവർക്കായി. പിന്നീട് ഇന്ത്യാവിഷനിലെ ജനപ്രിയ സംവാദ പരിപാടിയായ ‘ടോക്കിങ് പോയിന്റ്’ എന്ന പരിപാടിയിലൂടെ മികച്ചൊരു അവതാരക എന്ന ഖ്യാതിയും നിഷ നേടിയെടുത്തു.
തുടർന്ന് 2005-ൽ മനോരമ ന്യൂസ് ആരംഭിച്ചപ്പോൾ മുതൽ ചാനലിൻ്റെ മുൻനിര മുഖമായി നിഷാ പുരുഷോത്തമൻ മാറി. ചാനലിൻ്റെ തുടക്കം മുതൽ ഇന്നുവരെ വാർത്താമുറികളിൽ സജീവ സാന്നിധ്യമാണ് അവർ. പിന്നീട് ഡൽഹി ബ്യൂറോ ചീഫായി സ്ഥലം മാറിപ്പോയപ്പോഴും പ്രേക്ഷകർക്ക് അവരുടെ സാന്നിധ്യം നഷ്ടപ്പെട്ടില്ല. മനോരമ ന്യൂസിൻ്റെ പ്രധാന രാത്രികാല ചർച്ചയായ ‘കൗണ്ടർ പോയിന്റ്’ ആഴ്ചയിൽ ചില ദിവസങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് അവർ തൻ്റെ പ്രേക്ഷകരുമായുള്ള ബന്ധം തുടർന്നുപോന്നു. ഭരണകൂടങ്ങളോട് ഭയമില്ലാതെ നേർക്കുനേർ നിന്ന് ചോദ്യങ്ങൾ ചോദിക്കുന്ന, അധികാര കേന്ദ്രങ്ങളെ അലോസരപ്പെടുത്തുന്ന ആ അവതരണ ശൈലിക്ക് കേരളത്തിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
എന്നാൽ ഇപ്പോൾ പ്രചരിക്കുന്നതുപോലെ നിഷാ പുരുഷോത്തമൻ മാധ്യമപ്രവർത്തനം ഉപേക്ഷിച്ച് ഏതെങ്കിലും രാഷ്ട്രീയ പദവിയിലേക്കോ സർക്കാർ തലത്തിലേക്കോ മാറുന്നുണ്ടോ എന്നതാണ് കാതലായ ചോദ്യം. സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ അതിരുകടന്നതോടെ ഇതിന് വ്യക്തമായ മറുപടിയുമായി നിഷ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അവർ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. അവരുടെ കുറിപ്പ് വായിക്കാം.
വ്യാജവാർത്ത വിശ്വസിച്ച് അഭിനന്ദിക്കുന്ന പ്രിയ സുഹൃത്തുക്കളോട് ….
ഞാൻ ഒരു സർക്കാർ പദവിയിലും ഇല്ല ,എന്നെ ആരും ക്ഷണിച്ചിട്ടും ഇല്ല…..
ഒരു രാഷ്ട്രീയനേതാവും, പാർട്ടിയും എൻ്റെ ജീവിതത്തിൽ കാര്യങ്ങൾ നിശ്ചയിക്കാറുമില്ല….!
23 വർഷം മാധ്യമപ്രവർത്തനം എന്ന ഇഷ്ടമേഖലയിൽ ഉൽസാഹത്തോടെ ജോലി ചെയ്തു…
അത് തുടരണോ വേണ്ടയോ എന്നത് എൻ്റെ തീർത്തും വ്യക്തിപരമായ കാര്യം മാത്രം……!
ആരുടെയോ ഭാവനയിൽ വിരിഞ്ഞ കള്ളക്കഥകൾ സത്യമാണെന്ന് കരുതരുത്…..
സമൂഹമാധ്യമ പ്രഖ്യാപനങ്ങൾ സത്യമായിരുന്നെങ്കിൽ ഞാൻ രാഷ്ട്രീയത്തിൽ ചേർന്നിട്ട് രണ്ട് പതിറ്റാണ്ട് ആകുമായിരുന്നു…..!
ആരുടെയൊക്കെയോ അരക്ഷിതാവസ്ഥയിൽ ഉടലെടുക്കുന്ന ‘വ്യാജ നിയമന ഉത്തരവു’കൾ വിശ്വസിക്കരുത് എന്ന് അഭ്യർഥന !
ഇതിലൊന്നും കക്ഷിയല്ലാത്ത ആളുകളുടെ പേരുകൾ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതും ഖേദകരമാണ്….
ദയവുചെയ്ത് എന്നെ എൻ്റെ വഴിക്ക് വിടുക……🙏🏻



