മുംബൈ ലോക്കൽ ട്രെയിനിൽ യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ എതിർത്ത ഇരുപതുകാരിയായ യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. അപകടത്തിൽ യുവതിയുടെ ഇടതുകൈ കൈമുട്ടിന് താഴെ വെച്ച് നഷ്ടപ്പെടുകയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് 16 തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തു. സംഭവത്തിൽ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബോറിവലിയിൽ നിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രെയിനിൽ കയറിയ യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. യാത്രയ്ക്കിടെ സഹയാത്രികനായ പ്രതി യുവതിയെ നിരന്തരം മോശമായി സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതയായ യുവതി പ്രതിയെ ചോദ്യം ചെയ്യുകയും ചെരിപ്പൂരി അടിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി. മറ്റ് യാത്രക്കാർ ഇടപെട്ട് രംഗം ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും, അസഭ്യം പറഞ്ഞ പ്രതി തന്റെ ചെരിപ്പെടുത്ത് യുവതിയെ തിരിച്ച് അടിക്കുകയായിരുന്നു.
ട്രെയിൻ നായിഗാവ് സ്റ്റേഷനിൽ എത്തിയപ്പോഴും തർക്കം തുടർന്നു. ഇതിനിടെ പ്രതി യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയും, യുവതി രണ്ട് കോച്ചുകൾക്കിടയിലുള്ള വിടവിലൂടെ താഴേക്ക് വീഴുകയുമായിരുന്നു. പ്ലാറ്റ്‌ഫോമിലേക്ക് തിരികെ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ യുവതിയുടെ ഇടതുകൈ ചക്രങ്ങൾക്കടിയിൽ പെട്ട് അറ്റുപോവുകയായിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനും യാത്രക്കാരും ചേർന്നാണ് യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് ഉയർത്തി ആശുപത്രിയിൽ എത്തിച്ചത്. ബഹളത്തിനിടയിൽ ഓടിരക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി.
“വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനാണ്. ഒരു കൈ നഷ്ടപ്പെട്ടതോടെ എന്റെ ജീവിതം തന്നെ തകർന്നു. എനിക്ക് നീതി ലഭിക്കണം, പ്രതിക്ക് കടുത്ത ശിക്ഷ നൽകണം,” ആശുപത്രി കിടക്കയിൽ നിന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പ്രതിക്കെതിരെ വധശ്രമത്തിനുള്ള വകുപ്പായ ബി.എൻ.എസ് 109 (Section 109) ചുമത്താത്തതിൽ യുവതിയുടെ കുടുംബം പോലീസ് അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ചു. കുടുംബം മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ സഹായം തേടിയതിനെ തുടർന്ന് പാർട്ടി നേതാക്കൾ ജി.ആർ.പി സീനിയർ പോലീസ് ഇൻസ്‌പെക്ടറെ കണ്ട് ചർച്ച നടത്തുകയും, ഉചിതമായ വകുപ്പുകൾ ഉടൻ കൂട്ടിച്ചേർക്കാമെന്ന് പോലീസ് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. മുംബൈ ലോക്കൽ ട്രെയിനുകളിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് ഈ സംഭവം വീണ്ടും വഴിവെച്ചിരിക്കുകയാണ്.



