തമിഴ്‌നാട്ടിൽ വൻ ജയിൽച്ചാട്ടം! ഉദ്യോഗസ്ഥരെ ആക്രമിച്ച് 17 തടവുകാർ രക്ഷപ്പെട്ടു, തെരച്ചിൽ ഊർജ്ജിതം, ഇടുക്കി അതിർത്തിയിൽ ജാഗ്രതാ നിർദേശം

ചെന്നൈ: തമിഴ്‌നാട്ടിലെ തേനി തേക്കമ്പട്ടി സബ് ജയിലിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് 17 തടവുകാർ രക്ഷപ്പെട്ടു. തടവുകാരിൽ ഒരാൾക്ക് കടുത്ത അപസ്മാരമാണെന്ന് അഭിനയിച്ച് ജയിൽ ഉദ്യോഗസ്ഥരെ സെല്ലിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച ശേഷമാണ് ഇവർ ജയിൽ ചാടിയത്. തിങ്കളാഴ്ച രാത്രിയോടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾക്ക് പിന്നാലെ ഒളിവിലുള്ള തടവുകാർക്കായി സംസ്ഥാന വ്യാപകമായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തെരച്ചിലിനിടെ നാല് തടവുകാരെ പോലീസ് പിടികൂടിയതായാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം.

ജയിൽ ജീവനക്കാർ സെല്ലിനുള്ളിലേക്ക് പ്രവേശിച്ചയുടൻ സംഘടിച്ചെത്തിയ തടവുകാർ ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ തങ്കപാണ്ടി എന്ന ഗ്രേഡ് 2 പോലീസ് ഉദ്യോഗസ്ഥന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ജി. വിളക്കിലെ സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെ തുടർന്ന് സമീപ ജില്ലകളായ മധുര, ദിണ്ടിഗൽ, കേരളതിലെ ഇടുക്കി അതിർത്തി എന്നിവിടങ്ങളിൽ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി. ദിണ്ടിഗൽ ജില്ലയിൽ മാത്രം 16 പ്രധാന കേന്ദ്രങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. ഒളിവിലുള്ളവരെ കണ്ടെത്തുന്നതിനായി 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി ദക്ഷിണ മേഖല ഐ.ജി വിജയേന്ദ്ര ബിദാരി അറിയിച്ചു. രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങൾ സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും പൊതുജനങ്ങളിലേക്കും കൈമാറിയിട്ടുണ്ട്.

സംഭവം തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിതുറന്നിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്ന് ആരോപിച്ച ഡി.എം.കെ രാജ്യസഭാ എം.പി പി. വിൽസൺ, മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു. ഉയർന്ന സുരക്ഷയുള്ള പുഴൽ ജയിലിൽ അടക്കം അടുത്തിടെയുണ്ടായ ജയിൽച്ചാട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ ജയിൽ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles