തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വർധിപ്പിക്കാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളിക്കൊണ്ടാണ് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കിയത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പെൻഷൻ തുക കൂട്ടുന്നത് സാധ്യമല്ലെന്നും, പെൻഷൻ വർധിപ്പിച്ചാൽ പ്രതിമാസം 12 കോടി രൂപയുടെ അധിക ചെലവ് ഉണ്ടാകുമെന്നതുമാണ് സർക്കാരിന്റെ പ്രധാന വിശദീകരണം. കൂടാതെ ദിനംപ്രതിയുള്ള നിത്യ ചെലവുകൾ പോലും വലിയ പ്രതിസന്ധിയിലാണെന്ന് സർക്കാർ വ്യക്തമാക്കുന്നു.
കെഎസ്ആർടിസിയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വർധിപ്പിക്കുന്നതിന് തടസ്സമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ 995 കോടി രൂപയുടെ ബാധ്യതയാണ് കെഎസ്ആർടിസിക്കുള്ളത്. ഇത് ജീവനക്കാർക്ക് നൽകാനുള്ള കുടിശിക തുകയാണ്. ഇതിനു പുറമെ 250 കോടിയോളം രൂപ കരാറുകാർക്കും നൽകാനുണ്ട്. ഈ കടബാധ്യതകൾ കഴിഞ്ഞ നാല് മാസം കൊണ്ട് ഉണ്ടായതല്ലെന്നും വലിയ കടക്കെണിയിൽ നിന്നാണ് സ്ഥാപനത്തെ ഏറ്റെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയുടെ വരുമാനത്തിൽ പ്രതീക്ഷിച്ച വർധനവ് ഉണ്ടായിട്ടില്ലെന്നും ഈ ഘട്ടത്തിൽ പെൻഷൻ വർധിപ്പിക്കുന്ന തീരുമാനം എടുക്കാൻ സർക്കാരിനോ മാനേജ്‌മെന്റിനോ സാധിക്കില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.



