കൊച്ചി : ചേരാനെല്ലൂർ അപകടക്കേസിൽ കുട്ടിയുടെ പിതാവും അഡീഷണൽ ജില്ലാ ജഡ്ജിയുമായ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി . അപകടത്തിന് ഇടയാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തതും തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതും പ്രതി അന്വേഷണവുമായി സഹകരിക്കുന്നു എന്നതും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതി തുടക്കം മുതൽ തന്നെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് വിലയിരുത്തിയ കോടതി, ഈ ഘട്ടത്തിൽ കസ്റ്റഡിയിൽ വെച്ചുള്ള ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കി.
ജഡ്ജിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും ശക്തമായ എതിർപ്പാണ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ, സമാനമായ കേസുകളിൽ എത്രപേർക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് ചോദിച്ച കോടതി, കേസിൽ സർക്കാരിന് എന്താണ് ഇത്ര പ്രത്യേക താല്പര്യമെന്നും സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന പ്രതിസന്ധിയാണോ മുൻകൂർ ജാമ്യത്തെ എതിർക്കാൻ കാരണമെന്നും പ്രോസിക്യൂഷനോട് ആരാഞ്ഞു. താൻ അറിയാതെയാണ് മകൻ വാഹനമെടുത്തതെന്നാണ് പ്രതി വ്യക്തമാക്കിയിട്ടുള്ളത്. ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥൻ അന്വേഷണത്തോട് സഹകരിക്കില്ല എന്ന് കരുതാനാകില്ലെന്നും ഏതെങ്കിലും ഘട്ടത്തിൽ സഹകരിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചു.



