കൊല്ലം: കൊല്ലം ഓച്ചിറയിൽ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മതപണ്ഡിതനും സോഷ്യൽ മീഡിയ വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ വീണ്ടും പരാതി. കൊല്ലം സ്വദേശിനിയായ യുവതിയാണ് സമാനമായ ദുരനുഭവം ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് പരിശോധന ആരംഭിച്ചു.
മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിൽ പരിചയപ്പെട്ട പ്രതി പിന്നീട് സഹായം വാഗ്ദാനം ചെയ്ത് ഫോണിലൂടെ ബന്ധപ്പെടുകയും സംഭാഷണങ്ങൾക്കിടെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തെന്നാണ് യുവതിയുടെ ആരോപണം. വീഡിയോ കോളുകൾ ചെയ്യാൻ നിരന്തരം ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പ്രതിയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ യുവതിയുടെ പക്കലുണ്ടെന്നാണ് വിവരം.
അതേസമയം, പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുമായി പ്രതി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖകളും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. സംഭവം പുറത്തുപറയരുതെന്നും രഹസ്യമായി സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സംഭാഷണങ്ങളും തെളിവുകളിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രോഗങ്ങളും ബാധകളും മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് പെൺകുട്ടിയെയും മുത്തശ്ശിയെയും പ്രതി സമീപിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2025 ഒക്ടോബർ മുതൽ വിവിധ സ്ഥലങ്ങളിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ, പ്രതി ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഓച്ചിറ മേമനയിലെ മതപഠനകേന്ദ്രത്തിലെ മറ്റ് വിദ്യാർഥികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ താമസിച്ച് പഠിച്ചിരുന്ന വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുന്നതിനും കൗൺസലിങ് നൽകുന്നതിനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങൽ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്.
പുതിയ പരാതി കൂടി ഉയർന്ന സാഹചര്യത്തിൽ കേസിൽ കൂടുതൽ പേർക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ഫോൺ സംഭാഷണങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.



