തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ സിൽക്കിൽ മിന്നൽ പരിശോധന. പദ്ധതികളുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ കസ്റ്റഡിയിലെടുത്തു. ‘കാർട്ടൺ ഇന്ത്യ’ എന്ന സ്വകാര്യ കമ്പനിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് സിൽക്ക് മുഖേന കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് പിടിച്ചെടുത്തത്.
കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്ന് 12 കോടിയോളം രൂപയുടെ അഞ്ച് പ്രധാന പദ്ധതി ഫയലുകൾ വിജിലൻസ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കരാറുകൾ ലഭിക്കാൻ ഇടനില നിന്ന സിൽക്കിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. അതേസമയം, പരാതിക്കാരനായ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ എതിർപ്പിനെ തുടർന്ന് കേസിന്റെ അന്വേഷണച്ചുമതല കണ്ണൂർ വിജിലൻസ് യൂണിറ്റിന് പകരം ഉത്തര മേഖല എസ്.പിക്ക് കൈമാറി. കണ്ണൂർ വിജിലൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥന് ദിവ്യയുമായും കരാർ എടുത്ത കമ്പനിയുമായും അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഈ നീക്കം.
കണ്ണൂര്‍ യൂണിറ്റിലെ സിഐ ബിനുവിന് ദിവ്യയുമായി അടുത്ത പരിചയമുണ്ട്. ബിനുവിനെ വിജിലന്‍സില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് ഷമ്മാസ് പരാതി നല്‍കിയിരുന്നു. ബിനു മോഹന്റെ സഹോദരന് കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിയിലെ ഡയറക്ടര്‍മാരില്‍ ഒരാളാണെന്നും ബിനു മോഹനും ദിവ്യയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്നും ഷമ്മാസ് നല്കിയ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
നേരത്തെ ഏറെ വിവാദമായ നവീന്‍ ബാബു കേസിന്റെ അന്വേഷണത്തിലും ബിനു മോഹന്‍ ഭാഗമായിരുന്നു. ബിനു മോഹന്‍ കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റില്‍ തുടരുമ്പോള്‍ അന്വേഷണം അദ്ദേഹത്തിന് കൈമാറിയാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു പരാതിയിലെ ആരോപണം.



