കൊച്ചി: കൊച്ചിയിൽ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടറെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. ആക്രമണത്തിൽ അറസ്റ്റിലായ നടിയുടെ അടുത്ത ബന്ധു നൽകിയ പരാതിയിൽ ഡോക്ടർക്കെതിരെ ഇൻഫോപാർക്ക് പോലീസ് ബലാത്സംഗത്തിന് കേസെടുത്തു. 41-കാരനായ ഡോക്ടർ ജോൺസൺ ജെ. വർഗീസ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോക്ടറെ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന സ്വകാര്യ ആശുപത്രിയിൽ നിന്ന് പുറത്താക്കി. നിലവിൽ ഡോക്ടറുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
സംഭവം ഹണിട്രാപ്പ് ആണെന്ന പ്രാരംഭ സംശയങ്ങൾ നിലവിൽ പോലീസ് പൂർണ്ണമായും തള്ളിയിട്ടുണ്ട്. ഡോക്ടർ നൽകിയ പരാതിയിൽ പണം തട്ടാനായിരുന്നു ആക്രമണം എന്ന് ആരോപിച്ചിരുന്നെങ്കിലും, നടന്നത് ഹണിട്രാപ്പ് അല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നടിയുടെ ബന്ധുവായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഡോക്ടറുടെ ഫോണിൽ ഉണ്ടായിരുന്നുവെന്നും ഇത് ഡിലീറ്റ് ചെയ്യാനാണ് അദ്ദേഹത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയതെന്നുമാണ് നടിയും സംഘവും നൽകിയ മൊഴി. ആരോഗ്യപ്രശ്നങ്ങളുള്ള ബന്ധുവിന് ചികിത്സ നൽകാനെന്ന വ്യാജേന പൊന്നുരുന്നിയിലെ ഫ്ലാറ്റിലെത്തിച്ച ശേഷമായിരുന്നു ആക്രമണം. തുടർന്ന് ഡോക്ടറുടെ രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും ഇയർപോഡും സംഘം കൈവശപ്പെടുത്തുകയായിരുന്നു.



