നാട്ടിലേക്ക് പുറപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലഹരി മാഫിയയുടെ കെണിയിൽ; സൗദിയിൽ വധശിക്ഷയ്ക്ക് ഇരയായ കണ്ണൂർ സ്വദേശി അബൂട്ടി വള്ളിയിലിന് യഥാർത്ഥത്തിൽ സംഭവിച്ചത്

അറബ് രാജ്യങ്ങളിൽ അറിഞ്ഞോ അറിയാതെയോ ലഹരിമരുന്ന് മാഫിയകളുടെ കെണിയിൽപ്പെട്ടാൽ നഷ്ടപ്പെടുന്നത് സ്വന്തം ജീവൻ തന്നെയായിരിക്കും. ഞായറാഴ്ച സൗദി അറേബ്യയിലെ ദമാമിൽ ലഹരിമരുന്ന് കേസിൽപ്പെട്ട് വധശിക്ഷയ്ക്ക് വിധേയനായ കണ്ണൂർ സ്വദേശി അബൂട്ടി വള്ളിയിലിന്റെ അനുഭവം നമ്മളെ പഠിപ്പിക്കുന്നത് ഈ പാഠമാണ്. നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് അബൂട്ടിയുടെ ജീവിതം മാറിമറിഞ്ഞത്. 2023 ഡിസംബറിലായിരുന്നു സംഭവം. ഒമാനിൽ നിന്ന് ഒരു ലാൻഡ് ക്രൂയിസർ കാറുമായി സൗദി അറേബ്യയിലേക്ക് വരാൻ അബൂട്ടിയോട് ആവശ്യപ്പെട്ടത് ഒരു സുഹൃത്തായിരുന്നു. സൗദിയിലെത്തി വാഹനം സുഹൃത്തിനെ ഏൽപ്പിച്ചു കഴിഞ്ഞാൽ നാട്ടിലേക്ക് തിരിക്കാമെന്നായിരുന്നു അബൂട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ ഒമാൻ-സൗദി അതിർത്തി പ്രദേശമായ ‘ഉമ്മു റമൂലിൽ’ വച്ച് സൗദി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അബൂട്ടിയുടെ വാഹനം പരിശോധിച്ചു. ആ പരിശോധനയിൽ, വാഹനത്തിന്റെ ഇരട്ട പെട്രോൾ ടാങ്കുകളിലൊന്നിൽ ‘ഷാബു’ എന്നറിയപ്പെടുന്ന 43 കിലോഗ്രാം മെത്താഫെറ്റമിൻ എന്ന മാരക ലഹരിമരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തി. വാഹനത്തിനുള്ളിൽ ലഹരിമരുന്ന് ഒളിപ്പിച്ചിരുന്ന കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു അബൂട്ടി, ജയിൽ സന്ദശിക്കാനെത്തിയ മുൻ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയോട് പറഞ്ഞത്. കസ്റ്റഡിയിലെടുത്ത അബൂട്ടിയെ റിയാദ് എയർപോർട്ടിലെത്തിച്ച് അന്വേഷണ സംഘം ബന്ധുക്കളുമായി വാട്ട്സ്ആപ്പ് ചാറ്റ് ചെയ്യിച്ചു.

2023 ഡിസംബർ രണ്ടിന് രാത്രി 11.45 നുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ താൻ റിയാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടുമെന്നും പിറ്റേന്ന് രാവിലെ ഏഴ് മണിക്ക് കരിപ്പൂർ എയർപോർട്ടിൽ എത്തുമെന്നും അബൂട്ടി ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതനുസരിച്ച് അബൂട്ടിയെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ ബന്ധുക്കൾ നിരാശരായി. എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ അബൂട്ടി എത്താത്തത് കൊണ്ട് ബന്ധുക്കൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ വിവരമറിയിച്ചു. എംബസി അധികൃതർ എയർ ഇന്ത്യ ഓഫീസുമായും റിയാദ് എയർപോർട്ടിലെ എമിഗ്രേഷൻ വിഭാഗവുമായും ബന്ധപ്പെട്ടപ്പോഴാണ് അന്നേ ദിവസം അബൂട്ടി എന്നൊരു യാത്രക്കാരൻ ആ വിമാനത്തിൽ കയറിയിട്ടില്ല എന്നറിയുന്നത്. എംബസി അധികൃതർ റിയാദിലെ പോലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും അന്വേഷിച്ചെങ്കിലും അബൂട്ടിയെ കണ്ടെത്താനായില്ല. ഐസിഎഫ് പ്രവർത്തകൻ ഇബ്രാഹിം കരീം ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകർ ഇടപെട്ടതോടെ ഇന്ത്യൻ എംബസി, വിഷയം സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

അങ്ങനെയിരിക്കുമ്പോഴാണ് ഇന്ത്യൻ എംബസിയുടെ പ്രതിനിധികളായ യൂസഫ് കാക്കഞ്ചേരിക്കും രാജീവ് സിക്രിക്കും അൽ അസ്ഹ ജയിൽ സന്ദർശിക്കാൻ അനുമതി ലഭിക്കുന്നത്. പല കേസുകളിൽപ്പെട്ട 202 ഇന്ത്യൻ പൗരന്മാർ ആ സമയത്ത് അൽ അസ്ഹ ജയിലിൽ ഉണ്ടായിരുന്നു. ആ ജയിൽ സന്ദർശനത്തിനിടയിലാണ് എംബസി ഉദ്യോഗസ്ഥർ അബൂട്ടിയെ കാണുന്നത്. കാറിനുള്ളിൽ ലഹരിമരുന്ന് ഉണ്ടായിരുന്ന വിവരം താൻ അറിഞ്ഞില്ലെന്നാണ് അബൂട്ടി എംബസി ഉദ്യോഗസ്ഥരോട് പറഞ്ഞത്. അൽ അസ്ഹയിലെ വിചാരണക്കോടതി 25 വർഷത്തെ തടവും ഒരു മില്യൺ റിയാൽ പിഴയുമാണ് അബൂട്ടിക്ക് ആദ്യം വിധിച്ചത്. എന്നാൽ ഇതിനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ അപ്പീൽ നൽകി. ഇതോടെ അപ്പീൽ കോടതി വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കി വധശിക്ഷ വിധിക്കുകയായിരുന്നു. 2012 -ലാണ് അവസാനമായി സൗദിയിൽ മലയാളികളുടെ വധശിക്ഷ നടപ്പാക്കിയത്. അന്ന് മൂന്നുപേരാണ് വധശിക്ഷയ്ക്ക് വിധേയരായത്. 14 വർഷത്തിന് ശേഷം മറ്റൊരു മലയാളി കൂടി ഈ ഞായറാഴ്ച വധശിക്ഷയ്ക്ക് വിധേയനായി. നൈമിഷിക സുഖത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടി ഇത്തരത്തിലുള്ള ചതിക്കുഴികളിൽ വീഴുന്നവർക്കുള്ള ഒരു പാഠമാണ് അബൂട്ടിയുടെ അനുഭവം. ഒപ്പം, പരിചയമില്ലാത്തവരുടെ വാഹനങ്ങളും സാധനങ്ങളും കൈവശം വൈക്കുന്നതിന്റെയും കൊണ്ടുപോകുന്നതിന്റെയും അപകടം കൂടി ഈ സംഭവം നമ്മളെ ഓർമ്മപ്പെടുത്തുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles