തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുളള ‘ഓ ബൈ ഓസി’ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും മൂന്നു ജീവനക്കാരികൾ ലക്ഷക്കണക്കിന് രൂപ മോഷ്ടിച്ച സംഭവമുണ്ടായത് 2025 ഓഗസ്റ്റിലാണ്. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളാണ് സ്ഥാപനത്തിന്റെ ക്യൂആർ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്യൂആർ കോഡ് ഉപയോഗിച്ച് ഇടപാടുകാരിൽ നിന്ന് പണം തട്ടിയത്. പിടിക്കപ്പെട്ടപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്ന പരാതി ജീവനക്കാരികൾ ഉയർത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ നിരത്തി കൃഷ്ണകുമാറും കുടുംബവും പ്രതിരോധിച്ചു. ഇതോടെ ജീവനക്കാരികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇതിൽ ദിവ്യ എന്ന പ്രതിയുടെ വിവാഹം കഴിഞ്ഞെന്നും, ഹണിമൂണിനായി ഭർത്താവുമൊന്നിച്ച് തായ്‌ലൻഡിൽ പോയിരിക്കുകയാണെന്നും ദിയ കൃഷ്ണ യൂട്യൂബ് വ്ലോഗിലൂടെ വെളിപ്പെടുത്തി. വിവാഹത്തിന്റെയും ഹണിമൂണിന്റെയും മാത്രമല്ല, കുഞ്ഞ് ജനിച്ചാൽ അതിന്റെ ഇരുപത്തെട്ട് കെട്ടിന്റെ ചെലവ് കൂടി തന്റെ വകയാണെന്നും ദിയ കൃഷ്ണ പരിഹസിച്ചു.
കേസിൽ പ്രതികളായിട്ടും ഇവരുടെ പാസ്പോർട്ട് പോലീസ് പിടിച്ചു വയ്ക്കാത്തതിലുള്ള ആശങ്കയും ദിയ പ്രകടിപ്പിക്കുന്നുണ്ട്. ദിയയുടെ വീഡിയോ വൈറലായതോടെ കേസിൽ ശ്രദ്ധിക്കണമെന്നും തുടർനടപടികളുമായി ശക്തമായി മുന്നോട്ടു പോകണമെന്നും ആരാധകർ കമന്റിൽ കുറിച്ചു. ഗർഭകാലത്ത് ക്രൂരമായ മാനസിക പീഡനവും സമ്മർദ്ദവും നൽകിയവർ തട്ടിച്ചെടുത്ത പണം കൊണ്ട് സുഖമായി ജീവിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ചെയ്ത തെറ്റിനുള്ള ശിക്ഷ അവർ അനുഭവിക്കണമെന്നും ആരാധകർ പറയുന്നു. ഏകദേശം 69 ലക്ഷത്തോളം രൂപ ജീവനക്കാരികൾ തട്ടിയെടുത്തെന്നാണ് ദിയ പോലീസിൽ പരാതി നൽകിയിരുന്നത്. പോലീസിന്റെ അന്വേഷണത്തിലും പിന്നീട് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലും 66 ലക്ഷം രൂപയോളം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയതായി കണ്ടെത്തി. മൂന്നു ജീവനക്കാരികളും ഇവരിൽ ഒരാളുടെ ഭർത്താവുമായിരുന്നു കേസിലെ പ്രതികൾ. തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് സ്വർണ്ണം വാങ്ങിയതായും വിനോദയാത്രകൾ നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള പ്രതികളിൽ ദിവ്യയാണ് ഇപ്പോൾ വിവാഹം കഴിഞ്ഞ് തായ്‌ലൻഡിൽ ഹണിമൂൺ ആഘോഷിക്കുന്നത്.



