പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികൾ വീടിനുള്ളിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ കുട്ടികളുടെ മാതാവായ നിവേദ്യ കുറ്റം സമ്മതിച്ചതായി ഡിവൈഎസ്പി ശശിധരൻ വ്യക്തമാക്കി. ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസ്സമാകുമെന്ന് തോന്നിയതാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം മുക്കിക്കൊന്ന ശേഷം, പിന്നീട് ഇളയ കുട്ടിയെയും വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.
ജോൺ കുമാർ– നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. കളിക്കുന്നതിനിടെ കുട്ടികൾ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണു മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. കുട്ടികളെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയ ഉടൻ തന്നെ നാട്ടുകാർ അത്താണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെന്നിഫർ മേനോൻപാറ യു.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



