കോവിഡിന് മുൻപുള്ള കാലത്തെ ആഗോള ആയുർദൈർഘ്യത്തിലേക്ക് ലോകം തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) പുതിയ കണക്കുകൾ. എന്നാൽ ജനങ്ങളുടെ ആരോഗ്യകരമായ ജീവിത വർഷങ്ങൾ (Healthy life expectancy) ഇപ്പോഴും അതിനനുസരിച്ച് ഉയർന്നിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2023-ൽ ലോകത്താകെ ഉണ്ടായ 61 ദശലക്ഷം മരണങ്ങളിൽ 33 ദശലക്ഷവും ഏറ്റവും പ്രധാനപ്പെട്ട 10 കാരണങ്ങൾ കൊണ്ടുണ്ടായതാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ഹെൽത്ത് എസ്റ്റിമേറ്റ്സ് പഠനം വ്യക്തമാക്കുന്നു.
സാംക്രമികേതര രോഗങ്ങൾ ആണ് നിലവിൽ ആഗോളതലത്തിലുള്ള മരണങ്ങളുടെ 74 ശതമാനത്തിനും കാരണം. 2000-ൽ ഇത് 58 ശതമാനമായിരുന്നു. ഹൃദ്രോഗമാണ് ലോകത്തെ ഏറ്റവും വലിയ കൊലയാളി. 2023-ലെ ആകെ മരണങ്ങളുടെ 16 ശതമാനവും ഇതിലൂടെയാണ് സംഭവിച്ചത്. 2000-ത്തിനും 2023-നും ഇടയിൽ ഈ രോഗം മൂലം മരണമടയുന്നവരുടെ എണ്ണം 3 ദശലക്ഷത്തിൽ നിന്ന് 9.5 ദശലക്ഷമായി ഉയർന്നു. പക്ഷാഘാതവും ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി കോവിഡ്-19 മരണങ്ങളുടെ ആദ്യ പത്ത് കാരണങ്ങളിൽ നിന്ന് പുറത്തായി എന്നത് ആശ്വാസകരമായ കാര്യമാണ്. 2020-ൽ 5.3 ദശലക്ഷം മരണങ്ങൾക്കും 2021-ൽ 9.4 ദശലക്ഷം മരണങ്ങൾക്കും കാരണമായ കോവിഡ്, 2023 ആയപ്പോഴേക്കും നേരിട്ടുള്ള മരണങ്ങൾ 900,000 ആയി കുറഞ്ഞ് പതിനാലാം സ്ഥാനത്തേക്ക് എത്തുയതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, 2020 മുതൽ എച്ച്ഐവി, എയ്ഡ്സ് മൂന്നുമുള്ള മരണങ്ങളിൽ 62 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ ആരോഗ്യ മേഖലയിൽ പുരോഗതി ഉണ്ടാകുന്നുണ്ടെങ്കിലും, മാറിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥകളും ജീവിതശൈലി രോഗങ്ങളും മാനവരാശിക്ക് വലിയ വെല്ലുവിളിയായി തുടരുന്നുണ്ട്.



