സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി പടരുന്നു! മലപ്പുറത്തും കോഴിക്കോടുമായി ഒരു മാസത്തിനിടെ മൂന്ന് മരണം

സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി വ്യാപകമാകുന്നതായി റിപ്പോർട്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ വർഷം 30 കേസുകൾ മാത്രം സ്ഥിരീകരിച്ചിടത്ത്, ഈ വർഷം ഇതുവരെ 80 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്.

കടുത്ത പനിയും ശരീരത്തിൽ കാണപ്പെടുന്ന തടിപ്പുകളുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗനിർണയവും ചികിത്സയും വൈകുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം. വാക്സിനേഷനിലെ വീഴ്ചയാണ് രോഗവ്യാപനത്തിന് പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒൻപതാം മാസത്തിലും 16-നും 24-നും ഇടയിലുള്ള മാസങ്ങളിലും നൽകേണ്ട മീസിൽസ് റുബെല്ല (MR) വാക്സിൻ കൃത്യസമയത്ത് എടുക്കാത്ത കുട്ടികളിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. ഒരേ കുടുംബത്തിലെ ഒന്നിലധികം കുട്ടികൾക്ക് രോഗം ബാധിച്ച സാഹചര്യങ്ങളും ഇത്തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

വായുവിലൂടെയും രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അതിവേഗം പകരുന്ന വൈറസ് രോഗമാണിത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികൾക്ക് നൽകേണ്ട പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് ആരോഗ്യ പ്രവർത്തകർ അഭ്യർത്ഥിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാക്സിനേഷൻ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും പുരോഗമിക്കുകയാണ്.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles