ഓപ്പൺ വേൾഡ് റോൾ-പ്ലേയിംഗ് ഗെയിമുകളിൽ പ്രധാന കഥ മുന്നോട്ടുകൊണ്ടുപോകുന്നതിനിടയിൽ മാപ്പിലെ ചെറിയ ടാസ്കുകൾ ചെയ്ത് സമയം കളയുന്നത് പതിവാണ്. എന്നാൽ ഈ പതിവ് ശീലങ്ങളെല്ലാം മാറ്റിയെഴുതാൻ എത്തുന്ന പുതിയ ഗെയിമാണ് ‘ദി ബ്ലഡ് ഓഫ് ഡോൺവാക്കർ’ (The Blood of Dawnwalker). കോൺറാഡ് തൊമാസ്കീവിച്ചിന്റെ നേതൃത്വത്തിലുള്ള സ്റ്റുഡിയോ നിർമ്മിച്ച ഈ ഗെയിം ഇപ്പോൾ പിസി, പിഎസ്5, എക്സ്ബോൺ സീരീസ് എക്സ്/എസ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.
വെയ്ൽ സങ്കോറ (Vale Sangora) എന്ന പ്രദേശത്തെ ഒരു കാർപാേഷ്യൻ താഴ്വരയിലാണ് കഥ നടക്കുന്നത്. പ്ലേഗ് രോഗത്തിൽ നിന്നും താഴ്വരയെ രക്ഷിച്ച വാമ്പയർ പ്രഭുവായ ബ്രെൻസിസ് (Brencis), കോയന്റെ കുടുംബത്തെ ബന്ദിയാക്കുന്നു. തന്റെ കുടുംബത്തെ രക്ഷിക്കാൻ കോയന് മുപ്പത് ദിവസത്തെ സമയം മാത്രമാണ് ലഭിക്കുന്നത്. ഈ മുപ്പത് ദിവസത്തിനുള്ളിൽ വഴിയിൽ കാണുന്ന ഓരോ അന്യവ്യക്തിയെ സഹായിക്കുമ്പോഴും ആ സമയമാണ് നഷ്ടപ്പെടുന്നത്. സാങ്കേതികമായി കഴിവുകൾ മെച്ചപ്പെടുത്തുമ്പോഴും ഈ സമയപരിധി ബാധകമാകും.
പകൽ സമയത്ത് മനുഷ്യനായും രാത്രിയിൽ വാമ്പയറായും മാറുന്ന കോയന്, രാത്രിയിലെ വിശപ്പ് അടക്കാൻ ഇരകളെ തേടേണ്ടി വരുന്നു. വിശപ്പ് അധികമായാൽ സ്വന്തം നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിൽ കാണുന്നവരെ ആക്രമിക്കാൻ ഇടയാകുന്ന രീതിയിലാണ് ഗെയിമിന്റെ ക്രമീകരണം. ആളുകളെ സഹായിക്കുന്നതിലൂടെ ഭാവിയിൽ അവർ സഹായത്തിനെത്തുമെന്ന പ്രത്യേകതയും ഇതിലുണ്ട്. ബ്രെൻസിസിന്റെ സൈന്യത്തെയും പ്രഭുക്കന്മാരെയും നേരിട്ട് കുടുംബത്തെ രക്ഷിക്കാൻ കളിക്കാർക്ക് നിരവധി അവസരങ്ങളുണ്ട്.
ഒരു മാസം കൊണ്ട് കുടുംബത്തെ രക്ഷിക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോൾ, വഴിയിൽ സഹായം തേടിയെത്തുന്നവരിൽ ആരെയൊക്കെ സഹായിച്ചു, ആരെയൊക്കെ അവഗണിച്ചു എന്നതിനെ ആശ്രയിച്ചായിരിക്കും ഗെയിമിന്റെ അവസാന ഫലങ്ങൾ നിർണ്ണയിക്കപ്പെടുന്നത്. പതിവ് ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി, വഴിയിലെ ഓരോ സഹായത്തിനും സമയം വിലയായി നൽകേണ്ടിവരുന്ന വ്യത്യസ്തമായ അനുഭവം ഈ ഗെയിം നൽകുന്നു.



