ശ്രീനഗർ : ജമ്മുകാശ്മീരിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കും നാഷണൽ കോൺഫറൻസിനും വൻ തിരിച്ചടി നൽകിക്കൊണ്ട് ശ്രീനഗർ ലോക്‌സഭാ എം.പി ആഗാ സയ്യിദ് റുഹുള്ള മെഹ്ദി പാർട്ടിയിൽ നിന്നും എംപി സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ബദ്ഗാമിലെ ബഹിഷ്ത്-ഇ-സെഹ്‌റ പാർക്കിൽ തന്റെ പിതാവിന്റെ 26-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൻ ജനസഞ്ചയത്തെ സാക്ഷിനിർത്തിയാണ് അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തിയത്.
തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും നാഷണൽ കോൺഫറൻസ് പൂർണ്ണമായി പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് റുഹുള്ള മെഹ്ദി പാർട്ടി വിട്ടത്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൽ, തടവുകാരുടെ മോചനം, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കൽ തുടങ്ങിയ പ്രധാന വാഗ്ദാനങ്ങൾ പാർട്ടി ലംഘിച്ചതാണ് രാജിയെന്ന നിലപാടിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾക്കായല്ല, മറിച്ച് തങ്ങളെ വിശ്വസിച്ച് വോട്ടുചെയ്ത ജനങ്ങളോടുള്ള പ്രതിബദ്ധതയും തത്വങ്ങളും മുൻനിർത്തിയാണ് അദ്ദേഹം ഈ തീരുമാനമെടുത്തതെന്ന് അനുയായികളും പിന്തുണച്ചു.
രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഭാഗമായാണ് രാജിയെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളെ റുഹുള്ള മെഹ്ദി പൂർണ്ണമായി തള്ളി. ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന പാർലമെന്റ് അംഗത്വവും പദവികളും ഉപേക്ഷിച്ച് ജനങ്ങളുടെ ശബ്ദമായി മാറാൻ തയ്യാറായ റുഹുള്ള മെഹ്ദിയുടെ തീരുമാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് ആളുകളാണ് ബദ്ഗാമിൽ തടിച്ചുകൂടിയത്. സഖ്യസർക്കാരിന്റെ ഭരണപരമായ നിലപാടുകളിൽ പാർട്ടിക്ക് ഉള്ളിൽ തന്നെ അതൃപ്തി പുകയുന്നതിനിടെ മുതിർന്ന നേതാവിന്റെ ഈ രാജി ഒമർ അബ്ദുള്ള സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.



