തിരുവനന്തപുരം പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാം കൊല്ലപ്പെട്ട കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളോടെ അന്വേഷണം ഊർജ്ജിതമാക്കി തിരുവനന്തപുരം സിറ്റി പൊലീസ്. കേസിൽ മൂന്നാം പ്രതിയായ പതിനെട്ടുകാരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും, ഒന്നാം പ്രതിയായ കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഈ മാസം പത്താം തീയതി വരെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റിയതായും തിരുവനന്തപുരം ഡിസിപി ഷഹൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ തെളിവുകൾ വളരെ ശക്തമായതിനാൽ പ്രായത്തിന്റെ പേരിലോ ജുവനൈൽ എന്ന പരിഗണനയിലോ പ്രതിക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഡി.സി.പി വ്യക്തമാക്കി.
കൗമാരക്കാർക്കിടയിലെ പ്രണയപ്പകയും തർക്കങ്ങളുമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഒന്നാം പ്രതിയുടെ മുൻ കാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്ത് കൊല്ലപ്പെട്ട അഭിരാമിന്റെ അടുത്ത കൂട്ടുകാരനാണ്. ഈ വൈരാഗ്യത്തിന്റെ പേരിൽ പെൺകുട്ടിയുടെ ആൺസുഹൃത്തിനെ വകവരുത്താൻ പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചുവരുത്താനാണ് പ്രതി അഭിരാമിനെ തന്ത്രപൂർവ്വം ഉപയോഗിച്ചത്. എന്നാൽ അഭിരാമിന്റെ സുഹൃത്ത് എത്താതിരുന്നതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടാവുകയായിരുന്നു. തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അഭിരാമിനെ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നാണ് 17-കാരനായ പ്രതി മൊഴി നൽകിയതെങ്കിലും പൊലീസ് ഇത് പൂർണ്ണമായി വിശ്വസിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ കാപ്പ (KAPA) ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ട ഉമറിലേക്ക് അന്വേഷണസംഘം എത്തിയത്. കൊലപാതകത്തിലും അതിനുശേഷം മൃതദേഹം ചാക്കിലാക്കി വാഴത്തോട്ടത്തിലെ കരിയിലകൾക്കിടയിൽ ഒളിപ്പിച്ചതിലും ഉമറിന് കൃത്യമായ പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഉമറിന്റെ കാമുകിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ച് ഈ പെൺകുട്ടിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. നിലവിൽ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം പൊലീസ് സക്ഷമമായി പരിശോധിച്ച് വരികയാണ്.



