മസ്‌കറ്റ് : ഒമാനിൽ യാത്രാ ബസും ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ഹൈമ – തുംറൈറ്റ് പാതയിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലാണ് അപകടം ഉണ്ടായത്. രണ്ട് ട്രക്കുകളും ഒരു യാത്രാ ബസുമാണ് അപകടത്തിൽപ്പെട്ടത്.
26 പേരുമായി സഞ്ചരിച്ചിരുന്ന യാത്രാ ബസ് ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പോലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഹൈമ, നിസ്‌വ, ആദം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
വടക്കൻ പ്രദേശങ്ങളെ തെക്കൻ ഗവർണറേറ്റുകളായ ദോഫാർ, അൽ വുസ്ത എന്നിവയുമായി ബന്ധിപ്പിക്കുന്ന 855 കിലോമീറ്റർ ദൈർഘ്യമുള്ള ഒമാനിലെ ഏറ്റവും നീളം കൂടിയ പാതയാണ് സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡ്. മുൻപ് റൂട്ട് 31 എന്നും നിസ്‌വ – സലാല റോഡ് എന്നും അറിയപ്പെട്ടിരുന്ന എൻ3 പാതയിൽ ഈ വർഷം മുൻപും നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ഈ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് കനത്ത മഴയും പൊടിക്കാറ്റും മൂലം കാഴ്ചപരിധി കുറഞ്ഞ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു സംഭവത്തിൽ അൽ ഗഫ്തൈൻ 3 എന്ന സ്ഥലത്ത് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഒമാൻ പൗരനും ജീവൻ നഷ്ടമായിരുന്നു.



