ഒമാൻ തീരത്തിന് സമീപം സ്ട്രെയിറ്റ് ഓഫ് ഹോർമുസ് കടൽപ്പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇന്ത്യൻ ചരക്കുകപ്പലിന് നേരെ വ്യോമാക്രമണം.14 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച ‘എം.എസ്.വി അൽ യൂസുഫി’ എന്ന ചരക്കുകപ്പലിന് നേരെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ആക്രമണമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഗുജറാത്ത് സ്വദേശിയായ ഗന്ധർ നഹീം അസീസ് എന്ന നാവികൻ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന മറ്റ് 13 ഇന്ത്യൻ ജീവനക്കാരെ ഒമാൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ പ്രക്ഷോഭങ്ങൾക്കിടെ അന്താരാഷ്ട്ര കപ്പൽച്ചാലിൽ വെച്ചാണ് ഈ കടന്നാക്രമണം നടന്നത്. വായുവിൽ നിന്നെത്തിയ അജ്ഞാത വസ്തു കപ്പലിൽ പതിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കുകയുണ്ടായി. ജീവൻ നഷ്ടപ്പെട്ട നാവികന്റെ കുടുംബത്തിന് ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തിയ കേന്ദ്ര സർക്കാർ, രക്ഷപ്പെട്ട 13 ജീവനക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനും കൊല്ലപ്പെട്ട നാവികന്റെ ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനും ഒമാനിലെ ഇന്ത്യൻ എംബസിയും കേന്ദ്ര മന്ത്രാലയവും ഒമാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വ്യക്തമാക്കി.
സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു. പശ്ചിമേഷ്യൻ സമുദ്രമേഖലയിൽ വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരായ നാവികർക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ആശങ്കയും അമർഷവും രേഖപ്പെടുത്തി. അന്താരാഷ്ട്ര സമുദ്ര മേഖലകളിൽ സ്വാതന്ത്ര്യത്തോടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കേണ്ടതുണ്ടെന്നും, വാണിജ്യ കപ്പലുകളെയും സാധാരണക്കാരുടെ സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. മേഖലയിൽ ശാന്തിയും സമാധാനവും തിരികെ കൊണ്ടു വരാൻ നയതന്ത്ര ചർച്ചകൾ വഴി സംഘർഷങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.



