ഇസ്ലാമാബാദ് : പാകിസ്ഥാനിലെ കറാച്ചിക്ക് സമീപം വിനോദസഞ്ചാരികളുടെ മറവിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ കടൽമാർഗ്ഗമുള്ള ആക്രമണങ്ങൾക്ക് പ്രത്യേക പരിശീലനം നേടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. കറാച്ചിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള ചാർന ദ്വീപിലാണ് സ്‌കൂബാ ഡൈവിങ്, കൊമ്പാറ്റ് സ്വിമ്മിങ്, മറ്റ് കടലിനടിയിലെ ഓപ്പറേഷനുകൾ എന്നിവയിൽ ഭീകരർക്ക് പരിശീലനം നൽകുന്നത്. വിനോദസഞ്ചാരത്തിന് എത്തിയവരാണെന്ന വ്യാജേനയാണ് ഇവർ പരിശീലനം തുടരുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലഷ്കറിന്റെ ‘ദവാ മറൈൻ വിങ്’ അല്ലെങ്കിൽ ‘സദാ-ഇ-ഹുറിയാത്ത്’ എന്ന വിഭാഗത്തിൽപ്പെട്ട ഭീകരരാണ് കടൽമാർഗ്ഗം വലിയ രീതിയിലുള്ള ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നത്. ലഷ്കറിന്റെ തന്നെ സംഘടനയായ പാകിസ്ഥാനി മർകസി മുസ്ലിം ലീഗിലെ അംഗങ്ങളാണ് ഇവർക്ക് പരിശീലനം നൽകുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ലഷ്കർ കടൽമാർഗ്ഗമുള്ള ചെറു സംഘങ്ങളെ നിലനിർത്തിയിരുന്നെങ്കിലും, നിലവിൽ കൂടുതൽ വിപുലമായ ആക്രമണങ്ങൾക്ക് ഇവർ തയ്യാറെടുക്കുന്നതായാണ് വിവരം. ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾ സാഹചര്യം നിരീക്ഷിച്ചു വരികയും കടൽമാർഗ്ഗമുള്ള ഏത് ഭീഷണിയും നേരിടാൻ പൂർണ്ണ സജ്ജരാവുകയും ചെയ്തിട്ടുണ്ട്.



