ന്യൂഡൽഹി : അഗ്നിവീർ ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമിച്ച 14-കാരനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. ഹരിയാനയിലെ ബല്ലഭ്ഗഡ് സ്വദേശിയായ കൗമാരക്കാരനാണ് പിടിയിലായത്. ഏകദേശം നാലായിരത്തോളം അഗ്നിവീറുകളുടെ വിവരങ്ങൾ തന്റെ പക്കലുണ്ടെന്നും, ഇവ അഞ്ഞൂറ് ഡോളറിന് വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്നും കാട്ടി ഇയാൾ ഡാർക്ക് വെബിൽ പരസ്യം നൽകിയിരുന്നു.
മുൻ അഗ്നിവീറുകൾക്ക് വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ കണ്ടെത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി തയ്യാറാക്കിയ ഒരു പരീക്ഷണ വെബ്സൈറ്റ് (ടെസ്റ്റ് സൈറ്റ്) ഹാക്ക് ചെയ്താണ് കൗമാരക്കാരൻ വിവരങ്ങൾ കൈക്കലാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിർമ്മിത ബുദ്ധി (എ.ഐ) ടൂളുകളുടെ സഹായത്തോടെയാണ് ഇയാൾ വെബ്സൈറ്റിൽ കടന്നുകയറി വിവരങ്ങൾ ചോർത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഡൽഹി പോലീസിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐ.എഫ്.എസ്.ഒ) യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരന്റെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് ചോർത്തപ്പെട്ട വിവരങ്ങൾ കണ്ടെടുത്തത്. ഈ വിവരങ്ങളുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്. കണ്ടെടുത്ത വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി ഒത്തുനോക്കുന്നതിനായി അഗ്നിവീറുകളുടെ ഔദ്യോഗിക ഡാറ്റാബേസ് ആവശ്യപ്പെട്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
നിയമനടപടികൾ പ്രകാരം കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം കുടുംബത്തോടൊപ്പം വിട്ടയച്ചു. വിവരച്ചോർച്ചയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നും, പിടിച്ചെടുത്ത വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും കണ്ടെത്തുന്നതിനായി തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 2022 ജൂണിലാണ് കര, നാവിക, വ്യോമ സേനകളിലേക്ക് നാല് വർഷത്തെ കാലാവധിയിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിക്ക് തുടക്കമിട്ടത്.



