ആലപ്പുഴ : യുഡിഎഫ് സർക്കാരിനുള്ളിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾക്കും ഭിന്നതകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ രംഗത്ത്. ഓരോരോ കാര്യങ്ങൾ നേടിയെടുക്കുന്നതിനായി അനാവശ്യമായ തർക്കങ്ങൾ സൃഷ്ടിക്കാതെ മുഖ്യമന്ത്രിയെ സുഗമമായി ഭരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയിൽ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന മന്ത്രിമാരുണ്ടെങ്കിൽ അവരെ അപ്പോൾ തന്നെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്ന് സുധാകരൻ തുറന്നടിച്ചു. മന്ത്രിമാരിൽ കഴിവില്ലാത്തവർ ഉണ്ടെങ്കിൽ അവരെയും ഒഴിവാക്കണം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന ഒരൊറ്റ മന്ത്രി പോലും സ്ഥാനത്ത് ഇരിക്കാൻ പാടില്ലെന്നും അത്തരം പ്രവണതകൾ ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വിശ്വാസം നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാൻ അർഹതയുള്ളൂ. മുഖ്യമന്ത്രിക്കെതിരെ പരസ്യപ്രസ്താവന നടത്തുന്നവർ എത്ര വലിയ നേതാവായാലും അവരെ പുറത്താക്കി പകരം പുതിയ ആളുകളെ നിയമിക്കണം. അതിനുള്ള പൂർണ്ണ അധികാരം മുഖ്യമന്ത്രിക്കുണ്ടെങ്കിലും, മുന്നണിയിലെ ഇടവും വലവും നോക്കേണ്ട സാഹചര്യമുള്ളതുകൊണ്ടാണ് അദ്ദേഹം അതിന് മുതിരാത്തതെന്ന് തനിക്കറിയാമെന്നും സുധാകരൻ പരിഹസിച്ചു.
സർക്കാരിനുള്ളിലെ അനാവശ്യമായ തർക്കങ്ങളും വ്യക്തിപരമായ അസംതൃപ്തികളും അവസാനിപ്പിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ നല്ലൊരു ഭരണം കാഴ്ചവയ്ക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോഴും അതിന് സാധിക്കുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് മികച്ച ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചില എംപിമാർ സംസ്ഥാനത്ത് വന്ന് മന്ത്രിയാകാൻ ശ്രമിക്കുന്നതിനെയും ജി. സുധാകരൻ രൂക്ഷമായി വിമർശിച്ചു. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് തിരികെ സംസ്ഥാനത്ത് വന്ന് മന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് എവിടെയെങ്കിലും കേട്ടുകേൾവിയുള്ള കാര്യമാണോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭയേക്കാൾ വലുതാണ് പാർലമെന്റ് എന്ന പ്രാഥമിക തിരിച്ചറിവ് അവർക്കുണ്ടാകണമെന്നും ജി. സുധാകരൻ കൂട്ടിച്ചേർത്തു.



