‘ബുൾഡോസർ’ ഉത്തർപ്രദേശിന്റെ ബ്രാൻഡ്!! സംസ്ഥാനത്ത് ബുൾഡോസർ നിർമ്മിക്കാൻ വ്യവസായികളെ ക്ഷണിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ: ബുൾഡോസർ ഇപ്പോൾ ഉത്തർപ്രദേശിന്റെ ഒരു ബ്രാൻഡായി മാറിക്കഴിഞ്ഞിരിക്കുകയാണെന്നും, അതിനാൽ സംസ്ഥാനത്ത് ബുൾഡോസറുകൾ നിർമ്മിക്കാൻ വ്യവസായ ലോകം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . യമുന എക്സ്പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി മേഖലയിൽ 1,200 കോടി രൂപയിലധികം നിക്ഷേപത്തിൽ ആരംഭിക്കുന്ന സി.എൻ.എച്ച് ഇൻഡസ്ട്രിയലിന്റെ പുതിയ ട്രാക്ടർ നിർമ്മാണ പ്ലാന്റിന്റെ ശിലാസ്ഥാപന ചടങ്ങ് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിൽ മാഫിയാ ഭരണത്തിന് പകരം നിയമവാഴ്ച സ്ഥാപിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റകൃത്യങ്ങളോടും ക്രിമിനലുകളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവും ബുൾഡോസർ നടപടികളും സംസ്ഥാനത്തെ ഒരു പ്രധാന നിക്ഷേപ സൗഹൃദ കേന്ദ്രമാക്കി മാറ്റി. കമ്പനികൾ ഉത്തർപ്രദേശിൽ ബുൾഡോസറുകളും ട്രാക്ടറുകളും നിർമ്മിക്കുകയാണെങ്കിൽ ഇന്ത്യയിലുടനീളവും വിദേശത്തും അവയുടെ ആവശ്യകത സ്വയമേവ വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്ന മുഖ്യമന്ത്രി എന്ന പ്രതിച്ഛായ കെട്ടിപ്പടുക്കാൻ ‘ബുൾഡോസർ നീതി’ യോഗി ആദിത്യനാഥിനെ ഏറെ സഹായിച്ചിട്ടുണ്ട്. മറ്റ് ചില ബി.ജെ.പി സർക്കാരുകളും സമാനമായ രീതിയിൽ പൊളിച്ചുനീക്കൽ നടപടികൾ സ്വീകരിച്ചിരുന്നു. നേരത്തെ 2024-ൽ ‘ബുൾഡോസർ നീതി’ക്കെതിരായ ഹർജി പരിഗണിക്കവെ, ഒരാൾ പ്രതിയായതുകൊണ്ടോ ശിക്ഷിക്കപ്പെട്ടതുകൊണ്ടോ മാത്രം നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ വീട് പൊളിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയും ഇതിനായി രാജ്യവ്യാപകമായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ഒരുകാലത്ത് കുറ്റകൃത്യങ്ങൾക്കും തോക്ക് സംസ്കാരത്തിനും കുപ്രസിദ്ധമായിരുന്ന ജെവാർ മേഖല ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നായും രാജ്യത്തിന്റെ ‘രത്ന’മായും മാറിയെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും യമുന എക്സ്പ്രസ്‌വേ അതോറിറ്റിയുടെയും വികസനത്തോടെ ഈ മേഖല ഒരു പ്രധാന വ്യാവസായിക, സാമ്പത്തിക, ലോജിസ്റ്റിക്സ് ഹബ്ബായി വളരുകയാണ്. എച്ച്.സി.എൽ-ഫോക്സ്കോൺ സെമികണ്ടക്ടർ പ്ലാന്റ്, മെഡിക്കൽ ഡിവൈസ് പാർക്ക്, ടോയ് പാർക്ക്, എം.എസ്.എം.ഇ പാർക്ക്, ഡാറ്റാ സെന്ററുകൾ തുടങ്ങി നിരവധി സുപ്രധാന പദ്ധതികൾ ഇവിടെ യാഥാർത്ഥ്യമാകുന്നുണ്ട്.

കഴിഞ്ഞ ഒൻപതര വർഷത്തിനിടെ 50 ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങളാണ് ഉത്തർപ്രദേശിന് ലഭിച്ചതെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. ഇതിൽ 15 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന നിക്ഷേപക സംഗമത്തിലൂടെ 7.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ കൂടി നിർമ്മാണ ഘട്ടത്തിലേക്ക് കടക്കും. സംസ്ഥാനത്തെ ഫാക്ടറികളുടെ എണ്ണം 14,000-ത്തിൽ നിന്ന് 35,000 ആയി ഉയർന്നതായും, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (MSME) എണ്ണം ഒരു കോടിയിലെത്തിയതായും, സ്റ്റാർട്ടപ്പുകൾ 120-ൽ നിന്ന് 25,000 ആയി വളർന്നതായും അദ്ദേഹം വ്യക്തമാക്കി.

നൂറ് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന സി.എൻ.എച്ച് ഇൻഡസ്ട്രിയലിന്റെ പുതിയ പ്ലാന്റ് സംസ്ഥാനത്തെ കാർഷിക യന്ത്രവൽക്കരണത്തിനും ആധുനിക ഉൽപ്പാദന മേഖലയ്ക്കും പുതിയ ഊർജ്ജം നൽകും. 1,200 കോടി രൂപയുടെ ഈ നിക്ഷേപം ആയിരക്കണക്കിന് നേരിട്ടുള്ളതും അല്ലാതെയുള്ളതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇന്ത്യയിലെ ആകെ ട്രാക്ടർ വിപണിയുടെ 18.5 ശതമാനവും ഉത്തർപ്രദേശിന്റെ സംഭാവനയാണെന്നും, ഈ പുതിയ നിക്ഷേപം പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles