കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികന്റെ മരണത്തിന് ഇടയാക്കിയ കാറപകടത്തിൽ പ്രായപൂർത്തിയാകാത്ത മകൻ ഉൾപ്പെട്ടതിനെ തുടർന്ന് കേസെടുത്ത അഡീഷണൽ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ രണ്ടാം പ്രതിയായതിനെത്തുടർന്നാണ് ജഡ്ജി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദിച്ചു.
പ്രതിസ്ഥാനത്തുള്ളയാൾ ജുഡീഷ്യൽ ഓഫീസറാണെന്നത് കൂടി പരിഗണിച്ചുകൊണ്ട് സംരക്ഷണം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ അന്വേഷണത്തോട് സഹകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനും പ്രതിയായ ജഡ്‌ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്ന് വർഷം പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഹർജിയിൽ വിശദമായി പിന്നീട് വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
25-ന് കൊച്ചി ചേരാനല്ലൂരിൽവെച്ച് പ്രതിയായ ജഡ്ജിയുടെ 17 വയസ്സുള്ള മകൻ ഓടിച്ച മെഴ്സിഡസ് ബെൻസ് കാർ ഇരുചക്രവാഹനത്തിലിടിച്ചാണ് ജയബാലകൃഷ്ണൻ എന്ന സ്‌കൂട്ടർ യാത്രക്കാരൻ കൊല്ലപ്പെട്ടത്. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിൽ (MACT) സേവനമനുഷ്ഠിക്കുന്ന ജഡ്ജിയെ അഒക്ടോബർപകടത്തിന് ശേഷം പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പ്രതിയാക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത, 2023 (BNS) ലെ സെക്ഷൻ 105 (കൊലപാതകമല്ലാത്ത നരഹത്യ), മോട്ടോർ വാഹന നിയമം, 1988-ലെ (MVA) സെക്ഷൻ 181, 183, 199A (1), 199A (2) എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്. ഒരു മൈനർ മോട്ടോർ വാഹന കുറ്റകൃത്യം ചെയ്യുമ്പോൾ, നിയമപരമായ ചില അപവാദങ്ങൾക്ക് വിധേയമായി, രക്ഷിതാവോ വാഹന ഉടമയോ ഉത്തരവാദിയാണെന്ന് കരുതപ്പെടുകയും അവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കുകയും ചെയ്യാം എന്ന് സെക്ഷൻ 199A വ്യവസ്ഥ ചെയ്യുന്നത്.
അന്വേഷണത്തോട് സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിർദേശിച്ചു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും നാല് മണിക്കൂർ ചോദ്യം ചെയ്തെന്നുമായിരുന്നു ജഡ്ജിയുടെ വാദം. ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേ എന്ന് ആരാഞ്ഞ കോടതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ചോദിച്ചു. അന്വേഷണ സംഘത്തിന് മുമ്പാകെ 1 മണിക്ക് ഹാജരാകാനാണ് നിർദേശം.



