ചെന്നൈ: സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകൾക്കും എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനുമെതിരെ മുന്നറിയിപ്പുമായി നടി ഋതിക സിങ്. തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ് ആരംഭിച്ച് പ്രതിമാസം 400 രൂപയുടെ സബ്സ്ക്രിപ്ഷൻ ഈടാക്കുന്നതായും ഇതിലൂടെ ആളുകൾ പണം നൽകുന്നതായും താരം വെളിപ്പെടുത്തി. വ്യാജ അക്കൗണ്ടിലൂടെ തന്റെ പേരിൽ എഐ ഉപയോഗിച്ച് നിർമിച്ച യഥാർഥമെന്ന് തോന്നിക്കുന്ന വിഡിയോകളും പ്രചരിക്കുന്നുണ്ടെന്ന് ഋതിക വ്യക്തമാക്കി.
ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് താരം ഇക്കാര്യം അറിയിച്ചത്. നിലവിൽ ബ്ലൂ ടിക്ക് ലഭിച്ച തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മാത്രമാണ് യഥാർഥ അക്കൗണ്ടെന്നും ഫെയ്സ്ബുക്കിൽ പ്രചരിക്കുന്ന പേജുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഋതിക പറഞ്ഞു.
തന്റെ പേരിൽ ആരംഭിച്ച വ്യാജ ഫെയ്സ്ബുക്ക് പേജ് പ്രതിമാസം 400 രൂപ നിരക്കിലാണ് സബ്സ്ക്രിപ്ഷൻ നൽകുന്നത്. എന്നാൽ ഈ പേജ് വെരിഫൈഡ് അല്ലെന്നും തന്റെ പേരിന്റെ സ്പെല്ലിങ്ങിൽ പോലും തെറ്റുകളുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അക്കൗണ്ടുകൾക്ക് പണം നൽകി വഞ്ചിതരാകരുതെന്നും ആരാധകർ സ്വന്തം പണത്തിന്റെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ഋതിക മുന്നറിയിപ്പ് നൽകി.
ആദ്യഘട്ടത്തിൽ വ്യാജ പേജിനെതിരെ പ്രതികരിക്കേണ്ടെന്നാണ് കരുതിയതെന്നും തനിയെ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും താരം പറഞ്ഞു. എന്നാൽ പിന്നീട് കാര്യങ്ങൾ വ്യക്തിഹത്യയിലേക്ക് കടന്നതോടെയാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെപ്പോലെ തോന്നിക്കുന്ന യഥാർഥമെന്ന് വിശ്വസിക്കാവുന്ന വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുന്നതായും ഋതിക വെളിപ്പെടുത്തി.
ഇത്തരം വിഡിയോകൾ അത്രത്തോളം യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്നതാണെന്നും സ്വന്തം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പോലും അത് താനല്ലെന്ന് തിരിച്ചറിയാൻ കഴിയാതെ വന്നേക്കാമെന്നും താരം ആശങ്ക പങ്കുവെച്ചു. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിൽ തന്റെ വ്യക്തിത്വം സംരക്ഷിക്കാൻ പരസ്യമായി വിശദീകരണം നൽകേണ്ടിവരുന്നതിൽ വിഷമമുണ്ടെന്നും ഋതിക പറഞ്ഞു.
വ്യാജ പേജിന് കൂടുതൽ പ്രചാരം ലഭിക്കാതിരിക്കാനാണ് അതിന്റെ ലിങ്ക് പങ്കുവെക്കാത്തതെന്നും താരം വ്യക്തമാക്കി. ഇത്തരം അക്കൗണ്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ വിശ്വസിക്കുകയോ സബ്സ്ക്രിപ്ഷൻ എടുക്കുകയോ ചെയ്യരുത്. പകരം അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യാൻ സഹായിക്കണമെന്നാണ് ആരാധകരോടുള്ള അഭ്യർഥന.
മുൻ പ്രൊഫഷണൽ കിക്ക് ബോക്സർ കൂടിയായ ഋതിക സിങ്, മാധവൻ നായകനായ ‘ഇരുദി സുട്ര്’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിരുന്നു. ‘ഓ മൈ കടവുളേ’, ‘കൊലൈ’, രജനികാന്തിനൊപ്പം അഭിനയിച്ച ‘വേട്ടയ്യൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’യിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട്.



