ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു! പൈലറ്റ് ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം !

ജോഷിമഠ് : ബദരീനാഥിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങിയ ഹെലികോപ്റ്റർ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠ് താഴ്‌വരയിൽ തകർന്നു വീണ് പൈലറ്റും അഞ്ച് യാത്രക്കാരും ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ഉച്ചയ്ക്ക് 2.20-ഓടെ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

കർണാടക സ്വദേശികളായ പ്രതാപ, അരുൺ, ശങ്കർ ഗൗഡ, സുധീർ കെ, എച്ച്.എസ്. നടരാജ എന്നിവരാണ് മരിച്ച യാത്രക്കാർ. ഇതിൽ അരുൺ ബംഗളൂരു ക്രൈംബ്രാഞ്ചിലെ പോലീസ് ഇൻസ്പെക്ടറാണ്. ഡൽഹി സ്വദേശിയായ ക്യാപ്റ്റൻ ഹിമാൻഷുവാണ് അപകടത്തിൽപ്പെട്ട ട്രാൻസ് ഭാരത് ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്റർ പറത്തിയിരുന്നത്.

ബദരീനാഥിൽ നിന്നും ഡെഹ്‌റാഡൂണിലെ സഹസ്രധാര ഹെലിപാഡിലേക്ക് പുറപ്പെട്ട ഹെലികോപ്റ്റർ ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതും ട്രാക്കിംഗ് സിസ്റ്റം പ്രവർത്തനരഹിതമായതും. മേഖലയിൽ ശക്തമായ മഴയും മഞ്ഞുവീഴ്ചയും മേഘാവൃതമായ അന്തരീക്ഷവും നിലനിന്നിരുന്നുവെങ്കിലും, അനുകൂലമായ കാലാവസ്ഥാ റിപ്പോർട്ട് ലഭിച്ച ശേഷമാണ് യാത്രയ്ക്ക് അനുമതി നൽകിയതെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി (യൂക്കാഡ) സിഇഒ പ്രതീക ജെയിൻ വ്യക്തമാക്കി.

ചായി ഗ്രാമത്തിന് മുകളിലുള്ള സൈനിക ക്യാമ്പിന് സമീപമാണ് ദുരന്തം നടന്നതെന്ന് ദുരന്തനിവാരണ സേന സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും ഇന്ത്യൻ സൈന്യവും എസ്‌ഡിആർഎഫും ജില്ലാ ഭരണകൂടവും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അപകടത്തിന് പിന്നാലെ ട്രാൻസ് ഭാരത് ഏവിയേഷന്റെ മുഴുവൻ ഹെലികോപ്റ്റർ സർവീസുകളും താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles