ആത്മാഭിമാനമില്ലാത്തവന്റെ ആസനത്തിൽ ആൽ കിളിർത്താൽ അതും തണൽ ! അല്ലാതെന്ത്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം കണ്ട് നെഞ്ചുപൊട്ടുന്നത് മറ്റാർക്കുമല്ല, ആദർശത്തിന്റെ ചെങ്കൊടി നെഞ്ചിലേറ്റി ജീവിച്ച പച്ചയായ കമ്മ്യൂണിസ്റ്റുകാർക്കാണ്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും ഒരേ വേദിയിൽ അടുത്തടുത്തിരിക്കുന്നു. പോരാത്തതിന് മമതയുടെ കാതുകളിൽ അതീവ രഹസ്യമായി എന്തോ മന്ത്രിക്കുന്ന എം എ ബേബി. ആത്മാഭിമാനമില്ലാത്തവന്റെ ആസനത്തിൽ ആൽ കിളിർത്താൽ അതും തണൽ എന്ന് പണ്ട് കാരണവന്മാർ വെറുതെ പറഞ്ഞതല്ലെന്ന് ഈ കാഴ്ച കാണുമ്പോൾ ഏത് മലയാളിയും ഓർത്തുപോകും. അധികാരത്തിനുവേണ്ടി സ്വന്തം അണികളുടെ ചോര പോലും മറന്ന് ഇത്രമാത്രം അധഃപതിക്കാൻ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് എങ്ങനെ സാധിക്കുന്നു എന്നതാണ് കേരളം ചോദിക്കുന്നത്.

ബംഗാളിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേരോടെ പിഴുതെറിയാൻ മമത ബാനർജിയും അവരുടെ ഗുണ്ടാപ്പടയും കാട്ടിക്കൂട്ടിയ ക്രൂരതകൾ എം എ ബേബി ഇത്രവേഗം മറന്നുപോയോ? 2011 ൽ മമത അധികാരത്തിൽ വന്നതുമുതൽ 2016 വരെയുള്ള ആദ്യ ഭരണകാലത്തുമാത്രം ബംഗാളിൽ ക്രൂരമായി കൊലചെയ്യപ്പെട്ടത് നൂറ്റെൺപത്തിയഞ്ചോളം സഖാക്കളാണ്. തുടർന്നിങ്ങോട്ടുള്ള ഒന്നര പതിറ്റാണ്ടുകാലം തൃണമൂൽ ഫാസിസത്തിന്റെ ഇരകളായി ജീവൻ വെടിയേണ്ടിവന്നത് അഞ്ഞൂറോളം കമ്മ്യൂണിസ്റ്റ് പ്രവർത്തകരാണ്. നൂറുകണക്കിന് പാർട്ടി ഓഫീസുകൾ തൃണമൂലുകാർ അടിച്ചുതകർത്തു, കൈയ്യേറി സ്വന്തമാക്കി, ബാക്കിയുള്ളവ താഴിട്ടുപൂട്ടി. ജീവഭയം കാരണം സ്വന്തം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാതെ, സ്വന്തം നാടുവിട്ട് അന്യസംസ്ഥാനങ്ങളിൽ ഹോട്ടലുകളിലും തൊഴിലിടങ്ങളിലും ഒളിച്ചുതാമസിക്കേണ്ടി വന്ന ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ കണ്ണീരിന് എന്ത് മറുപടിയാണ് ഇന്ന് എം എ ബേബിക്ക് പറയാനുള്ളത്? സ്വന്തം വീട്ടിലെ കക്കൂസിൽ ഇരുന്നുപോലും ഇങ്ക്വിലാബ് വിളിക്കാൻ ഭയന്ന ഒരു ജനതയെ ബംഗാളിൽ സൃഷ്ടിച്ചത് ഇതേ മമത ബാനർജിയല്ലേ?

അന്ന് സ്വന്തം അണികൾ തെരുവിൽ തല്ലിച്ചതയ്ക്കപ്പെട്ടപ്പോൾ, ഡൽഹിയിലെ എകെജി സെന്ററിലെ ശീതീകരിച്ച മുറിയിലിരുന്ന് വെറും പ്രസ്താവനകൾ മാത്രം ഇറക്കി ഒളിച്ചോടിയ നേതാക്കളാണ് ഇപ്പോൾ നാണമില്ലാതെ അതേ മമതയുടെ കാതിൽ കുശലം പറയുന്നത്. രാഷ്ട്രീയമായ മാറ്റങ്ങൾക്കൊടുവിൽ ബംഗാളിൽ സഖാക്കൾക്ക് തെരുവിൽ ഇറങ്ങി നടക്കാനും പാർട്ടി ഓഫീസുകൾ തുറക്കാനും സ്വാതന്ത്ര്യം തിരിച്ചുകിട്ടിയപ്പോൾ, വീണ്ടും അധികാരക്കൊതി മൂത്ത് അതേ തൃണമൂലിന്റെ മടിയിലേക്ക് ഓടിക്കയറാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? തോൽവികളിൽ നിന്ന് തോൽവികളിലേക്ക് കൂപ്പുകുത്തുമ്പോഴും ഒരു ഉളുപ്പുമില്ലാതെ ഇരവാദം പറയുന്ന മമതയുടെ വാക്കുകൾക്ക് കൈയ്യടിക്കാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് എന്ത് യോഗ്യതയാണുള്ളത്?

അധികാരക്കസേര ലക്ഷ്യമാക്കി ഏത് ചെകുത്താനുമായും കൂട്ടുകൂടാൻ മടിയില്ലാത്ത ഇത്തരം നേതാക്കന്മാരാണ് യഥാർത്ഥത്തിൽ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നത്. ചെങ്കൊടിയെ നെഞ്ചിലേറ്റി മമതയുടെ ഗുണ്ടകളുടെ വെട്ടേറ്റു വീണ ആ പാവം അഞ്ഞൂറോളം സഖാക്കളുടെ ചോര എം എ ബേബിയുടെ ഈ ചിരിക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. സ്വന്തം രക്തസാക്ഷികളുടെ ആത്മാവിനെപ്പോലും ഒറ്റുകൊടുക്കുന്ന ഇത്തരം അവസരവാദ രാഷ്ട്രീയത്തിനെതിരെ സ്വന്തം പാർട്ടിയിലെ അണികൾ തന്നെയാണ് ആദ്യം വിരൽ ചൂണ്ടേണ്ടത്. പ്രസ്ഥാനത്തിന്റെ പാരമ്പര്യവും അന്തസ്സും അധികാരത്തിന്റെ അപ്പക്കഷണങ്ങൾക്കായി ഡൽഹിയിലും കൊൽക്കത്തയിലും അടിയറവ് വെച്ച എം എ ബേബിയെ കാലം അടയാളപ്പെടുത്തുക ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചകരിൽ ഒരാളായി മാത്രമായിരിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles