പാങ്ങപ്പാറയിലെ 17-കാരന്റെ കൊലപാതകം!അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മീഷണറുടെ റിപ്പോർട്ട്! സോഷ്യൽ മീഡിയ ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

തിരുവനന്തപുരം : കാര്യവട്ടം പാങ്ങപ്പാറയിൽ 17-കാരനായ അഭിരാം കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അന്വേഷണ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു.അഭിരാമിനെ കാണാതായെന്ന പരാതി പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നതിന് മുമ്പ് തന്നെ കൊലപാതകം നടന്നിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

രാത്രി 10:52-നാണ് അഭിരാമിനെ കാണാനില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ സ്റ്റേഷനിൽ പരാതി നൽകുന്നത്. കേസ് രജിസ്റ്റർ ചെയ്തയുടൻ തന്നെ ബന്ധുക്കളുടെ സഹായത്തോടെ പോലീസ് ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്നുരാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്തയാളായതിനാൽ ചോദ്യം ചെയ്ത ശേഷം പുലർച്ചെയോടെ വിട്ടയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണമാണ് ഉമർ എന്ന വ്യക്തിയിലേക്ക് വഴിതിരിഞ്ഞത്. കൊല്ലപ്പെട്ട അഭിരാമിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നതിനാൽ പാങ്ങപ്പാറയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്താനായിരുന്നില്ല. പ്രതികൾ ഫോൺ ഒളിപ്പിച്ചുവെച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും, മണിക്കൂറുകൾക്കുള്ളിൽ ശാസ്ത്രീയ അന്വേഷണ രീതികളിലൂടെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞുവെന്നും പോലീസ് വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, കൊലപാതകത്തിന് പിന്നിലെ ദുരൂഹതകൾ പൂർണ്ണമായി നീക്കാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മരിച്ച അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് അയച്ച പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്യപ്പെട്ടതായി സൈബർ സെല്ലിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അഭിരാമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് മറ്റൊരു പെൺസുഹൃത്തുമായി പങ്കുവെച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഏത് സാഹചര്യത്തിലാണ് അക്കൗണ്ടിലെ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടതെന്നും, ഇതിന് പിന്നിൽ ആരൊക്കെയാണെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നിലവിൽ അന്വേഷണസംഘം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles