സംസ്ഥാനത്ത് അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ല! തത്കാലം ജിഎൻഎ വഴി പുതിയ കരാറുകൾ വേണ്ടെന്ന് തീരുമാനം, നിർണ്ണായക അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് യാതൊരു വിധത്തിലുള്ള വൈദ്യുതി പ്രതിസന്ധിയുമുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പുറത്തുനിന്ന് അധികമായി വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്ന് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്തും ഊർജ്ജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. പ്രതിസന്ധി ഇല്ലാത്ത പശ്ചാത്തലത്തിൽ വിവാദമായ പുതിയ ജിഎൻഎ ഹ്രസ്വകാല വൈദ്യുതി കരാറുകളുമായി തത്കാലം മുന്നോട്ട് പോകേണ്ടതില്ലെന്നും യോഗത്തിൽ തീരുമാനമായി. സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ ജിഎൻഎ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ മുൻപ് എടുത്ത തീരുമാനം വലിയ രാഷ്ട്രീയ-ഭരണപരമായ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നിരിക്കെ, കൃത്രിമമായി വൈദ്യുതിക്ഷാമം ഉണ്ടെന്ന തരത്തിൽ പ്രചാരണങ്ങൾ ഉയർന്നതിന് പിന്നിലെ കാരണങ്ങൾ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉടൻ തന്നെ പുതിയ വൈദ്യുതി കരാറുകൾ ഒപ്പുവെച്ചില്ലെങ്കിൽ സംസ്ഥാനത്ത് പവർകട്ട് അനിവാര്യമാകുമെന്ന രീതിയിൽ മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം എഴുതിയ കുറിപ്പ് ഏത് സാഹചര്യത്തിലാണെന്ന് കൃത്യമായി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. അടിയന്തരമായി തീരുമാനമെടുക്കാൻ സമ്മർദ്ദം ചെലുത്തിയതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്ന് സർക്കാർ അന്വേഷിക്കും. വൈദ്യുതിക്ഷാമം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഹിമാചൽപ്രദേശിൽ നിന്നും വൈദ്യുതി വാങ്ങുന്നതിനായി ഇത്രയധികം സമ്മർദ്ദം ചെലുത്തിയതെന്നും മുഖ്യമന്ത്രി യോഗത്തിൽ ആരാഞ്ഞതായാണ് വിവരം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles