ചെന്നൈ: സിനിമയിലെ അഭിനയത്തിനും നൃത്തസംവിധാനത്തിനും പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായ നടൻ രാഘവ ലോറൻസ് വീണ്ടും വാർത്തകളിൽ. തന്റെ ചാരിറ്റബിൾ ട്രസ്റ്റ് 20 വർഷത്തെ സേവനം പൂർത്തിയാക്കുന്ന വേളയിൽ 5000 സ്ത്രീകൾക്ക് സൗജന്യമായി പട്ടുസാരികൾ വിതരണം ചെയ്യുന്ന പുതിയ പദ്ധതിയാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ലോറൻസിന്റെ പുതിയ പ്രഖ്യാപനം ശ്രദ്ധ നേടുന്നത്.
‘പട്ടുസാരി പദ്ധതി’ എന്ന് പേരിട്ടിരിക്കുന്ന സംരംഭം ഒക്ടോബർ 29ന് ലോറൻസിന്റെ ജന്മദിനത്തിൽ ചെന്നൈയിലെ റോയപുരത്താണ് ആരംഭിക്കുന്നത്. താരം വളർന്ന പ്രദേശം കൂടിയാണ് റോയപുരം. സ്വന്തം ചെലവിൽ പദ്ധതി നടപ്പാക്കാനാണ് ലോറൻസ് ലക്ഷ്യമിടുന്നത്.
ഒരു ജീവകാരുണ്യ പ്രവർത്തനത്തിനിടെ പട്ടുസാരി വേണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ തനിക്ക് കത്ത് നൽകിയതാണ് ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് ലോറൻസ് വ്യക്തമാക്കി. ആ കത്ത് വായിച്ചതോടെ ഗ്രാമപ്രദേശങ്ങളിലെ നിരവധി സ്ത്രീകൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും പട്ടുസാരി ധരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ടാകുമോ എന്ന ചിന്തയുണ്ടായി. അങ്ങനെയാണ് 5000 സ്ത്രീകൾക്ക് പട്ടുസാരി നൽകാൻ തീരുമാനിച്ചതെന്നും താരം അറിയിച്ചു.
സ്ത്രീകളുടെ മുഖത്ത് സന്തോഷം കൊണ്ടുവരികയും അവരുടെ അനുഗ്രഹം നേടുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ലോറൻസ് വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുക, ഹൃദയശസ്ത്രക്രിയകൾക്ക് സാമ്പത്തിക പിന്തുണ നൽകുക, ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുക, ഭക്ഷണവിതരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.



