ന്യൂഡൽഹി: രാജ്യത്തെ അർബുദ രോഗികൾക്ക് വലിയ ആശ്വാസമേകി 137 പ്രധാന കാൻസർ പ്രതിരോധ മരുന്നുകളുടെ കുറച്ച വില ഇന്ന് മുതൽ പ്രാബല്യത്തിൽ . നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി (എൻപിപിഎ) ഈ മരുന്നുകളുടെ എംആർപി ട്രേഡ് മാർജിനുകൾക്ക് പരിധി നിശ്ചയിച്ചതിനെ തുടർന്നാണ് വിലയിൽ വലിയ കുറവുണ്ടായിരിക്കുന്നത്. പുതിയ വിലനിലവാരം പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ പൂർത്തിയാക്കി.
121 തരം മരുന്നുകൾ ഉൾപ്പെടുന്ന 1,225 കാൻസർ മരുന്ന് ഫോർമുലേഷനുകളുടെ പരിഷ്കരിച്ച വില 76 പ്രമുഖ ഔഷധ നിർമ്മാണ കമ്പനികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. ഇതിൽ ആയിരത്തിലധികം മരുന്ന് ഫോർമുലേഷനുകൾക്കാണ് വലിയ തോതിൽ വില കുറഞ്ഞിരിക്കുന്നത്. വിലയിലെ ഈ കുറവിലൂടെ രാജ്യത്തെ രോഗികൾക്ക് പ്രതിവർഷം 3,500 കോടി രൂപയിലധികം ലാഭിക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. ഇതിന് പുറമെ, പരിഷ്കരിച്ച പുതിയ വിലവിവരപ്പട്ടിക എല്ലാ റീട്ടെയിലർമാരും ഡീലർമാരും ആശുപത്രികളും സ്ഥാപനങ്ങളും തങ്ങളുടെ വെബ്സൈറ്റുകളിലും വളപ്പിലും പൊതുജനങ്ങൾക്ക് കാണാൻ പാകത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



