വാഹന ഉടമകൾക്ക് ആശ്വാസവും ഒപ്പം കർശന നിയന്ത്രണവും! പുക പരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി പരിഷ്കരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം. വാഹനത്തിന്റെ കാലപ്പഴക്കവും ഉപയോഗരീതിയും അടിസ്ഥാനമാക്കി കാലാവധി നിശ്ചയിക്കുന്ന പുതിയ സംവിധാനമാണ് മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്. 1989-ലെ കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ റൂൾ 115(7) ഭേദഗതി ചെയ്തുകൊണ്ടുള്ള ‘സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (പതിനാറാം ഭേദഗതി) റൂൾസ്, 2026’ വഴിയാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. നവംബർ 13-ന് വിജ്ഞാപനം ചെയ്ത ഈ പുതിയ ചട്ടങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നു.

പുതിയ പരിഷ്കാരമനുസരിച്ച് ബി.എസ്-6 (BS-VI) വിഭാഗത്തിൽപ്പെടുന്ന പുതിയ വാഹനങ്ങൾക്ക് ദീർഘകാലത്തേക്ക് സർട്ടിഫിക്കറ്റ് കാലാവധി ലഭിക്കുമ്പോൾ, പഴയ വാഹനങ്ങൾ കുറഞ്ഞ ഇടവേളകളിൽ പുക പരിശോധനയ്ക്ക് വിധേയമാകേണ്ടി വരും. നേരത്തെ വാഹനത്തിന്റെ എമിഷൻ കാറ്റഗറി മാത്രം അടിസ്ഥാനമാക്കി എല്ലാവർക്കും ഒരു വർഷത്തെ കാലാവധിയാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ചട്ടപ്രകാരം, വാഹനം ആദ്യമായി രജിസ്റ്റർ ചെയ്ത തീയതി മുതലുള്ള കാലപ്പഴക്കവും, അത് സ്വകാര്യ ആവശ്യത്തിനാണോ അതോ വാണിജ്യ ആവശ്യത്തിനാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതും പരിഗണിച്ചായിരിക്കും കാലാവധി നിശ്ചയിക്കുക.

സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബി.എസ്-6 വാഹനങ്ങളിൽ, ആറ് വർഷം വരെ പഴക്കമുള്ളവയ്ക്ക് ഇനി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും പി.യു.സി സർട്ടിഫിക്കറ്റ് കാലാവധി. ആറ് വർഷത്തിന് മുകളിലും പത്ത് വർഷം വരെയും പഴക്കമുള്ള സ്വകാര്യ ബി.എസ്-6 വാഹനങ്ങൾക്ക് നിലവിലുള്ളതുപോലെ ഒരു വർഷം തന്നെയായിരിക്കും കാലാവധി. എന്നാൽ പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്വകാര്യ ബി.എസ്-6 വാഹനങ്ങളുടെ സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷത്തിൽ നിന്ന് ആറ് മാസമായി കുറച്ചിട്ടുണ്ട്.

വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ബി.എസ്-6 വാഹനങ്ങൾക്കും കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിരക്കുകൾ ബാധകമാണ്. ആറ് വർഷം വരെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് നിലവിലുണ്ടായിരുന്ന ഒരു വർഷത്തിന് പകരം ഇനി രണ്ട് വർഷത്തെ കാലാവധി ലഭിക്കും. ആറ് മുതൽ പത്ത് വർഷം വരെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് ഒരു വർഷവും, പത്ത് വർഷത്തിന് മുകളിൽ പഴക്കമുള്ളവയ്ക്ക് ആറ് മാസവുമായിരിക്കും സർട്ടിഫിക്കറ്റ് കാലാവധി.

പഴയ എമിഷൻ വിഭാഗങ്ങളിൽപ്പെടുന്ന വാഹനങ്ങൾക്ക് രാജ്യത്തുടനീളം ഏകീകൃതമായ പരിശോധനാ കാലയളവാണ് പുതിയ നിയമത്തിലൂടെ നടപ്പിലാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബി.എസ്-1, ബി.എസ്-2, ബി.എസ്-3 വിഭാഗങ്ങളിലുള്ള എല്ലാ വാഹനങ്ങൾക്കും പ്രായഭേദമന്യേ മൂന്ന് മാസമായിരിക്കും പി.യു.സി സർട്ടിഫിക്കറ്റ് കാലാവധി. നേരത്തെ ഡൽഹി പോലുള്ള ചില സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരുന്നത്. കൂടാതെ, ബി.എസ്-4 വിഭാഗത്തിൽപ്പെടുന്ന എല്ലാ സ്വകാര്യ-വാണിജ്യ വാഹനങ്ങളുടെയും സർട്ടിഫിക്കറ്റ് കാലാവധി രാജ്യവ്യാപകമായി ഒരു വർഷത്തിൽ നിന്ന് ആറ് മാസമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

സർട്ടിഫിക്കറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സമയക്രമത്തിലും മന്ത്രാലയം വ്യക്തത വരുത്തിയിട്ടുണ്ട്. നിലവിലുള്ള സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് പത്ത് ദിവസം മുമ്പുള്ള കാലയളവിനുള്ളിൽ വാഹനം പരിശോധിച്ച് പുതുക്കുകയാണെങ്കിൽ, പഴയ സർട്ടിഫിക്കറ്റിന്റെ കാലാവധി തീരുന്ന തീയതി മുതലായിരിക്കും പുതിയ സർട്ടിഫിക്കറ്റ് പ്രാബല്യത്തിൽ വരിക. നേരത്തെ പുതുക്കുന്നത് വഴി വാഹന ഉടമകൾക്ക് ശേഷിക്കുന്ന ദിവസങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഈ ക്രമീകരണം. എന്നാൽ കാലാവധി അവസാനിച്ച ശേഷമാണ് പരിശോധന നടത്തുന്നതെങ്കിൽ, പരിശോധന നടത്തുന്ന തീയതി മുതൽക്കായിരിക്കും പുതിയ സർട്ടിഫിക്കറ്റിന്റെ കാലാവധി കണക്കാക്കുക.

നിലവിൽ വാഹന ഉടമകളുടെ കൈവശമുള്ള സാധുവായ പി.യു.സി സർട്ടിഫിക്കറ്റുകൾ അവയുടെ കാലാവധി തീരുന്നത് വരെ തുടർന്നും ഉപയോഗിക്കാവുന്നതാണ്. പുതിയ നിയമം വന്നതുകൊണ്ട് ഉടൻ തന്നെ പുതിയ സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല, മറിച്ച് അടുത്ത തവണ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ മാത്രമായിരിക്കും പുതിയ കാലാവധി ആനുകൂല്യങ്ങളും നിയന്ത്രണങ്ങളും ബാധകമാകുക. എല്ലാ വാഹന ഉടമകളും അതത് സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള സാധുവായ പി.യു.സി സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും, ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ അവ ഹാജരാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles