കൊച്ചി : കോളിളക്കം സൃഷ്ടിച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി പ്രഖ്യാപിച്ചു. കേസിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികൾക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മറ്റ് കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ തടവുശിക്ഷ മൂന്ന് വർഷത്തിൽ താഴെയായതിനാൽ, ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എൻ.പി. ദിനേശൻ എന്ന മൈന ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ എന്ന വടി ബിജു, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇവരെ ഇന്ന് എറണാകുളം ജില്ലാ ജയിലിൽ പാർപ്പിക്കും. പ്രതികളുടെ ആവശ്യപ്രകാരം ഇവരെ നാളെ രാവിലെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറ് പ്രതികളായ പതിനാലാം പ്രതി രാധാകൃഷ്ണൻ, പതിനാറാം പ്രതി സജിത്, ഇരുപത്തിയഞ്ചാം പ്രതി വി.വി. മോഹനൻ, ഇരുപത്തിയാറാം പ്രതി പുരുഷോത്തമൻ, ഇരുപത്തിയേഴാം പ്രതി അജിത് കുമാർ, ഇരുപത്തിയെട്ടാം പ്രതി പി.പി. സുരേശൻ എന്നിവർക്കാണ് മൂന്ന് വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചതും തുടർന്ന് ജാമ്യം അനുവദിച്ചതും. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന സി.പി.എം. നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 18 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.



