തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവിറക്കി. എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി നിയമിച്ചു. കായിക-യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ചുമതലയിലും അദ്ദേഹം തുടരും. എം.ജി. രാജമാണിക്യത്തെ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമവും അനുബന്ധ പ്രതിസന്ധികളും ശക്തമായ ചർച്ചയാകുന്നതിനിടെയാണ് കെ.എസ്.ഇ.ബി തലപ്പത്തെ ഈ സുപ്രധാന മാറ്റം.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തരം-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ജലവിഭവം, ഭവനം, കയർ എന്നീ വകുപ്പുകളുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹം വഹിക്കും. മിൻഹാജ് ആലമാണ് ധനകാര്യ വകുപ്പിലെ പുതിയ അഡീഷണൽ ചീഫ് സെക്രട്ടറി. അതേസമയം അനുപമ ടി.വി. പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറിയായി ചുമതലയേൽക്കും. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അനുപമയ്ക്ക് നൽകിയിട്ടുണ്ട്. തദ്ദേശ വകുപ്പിൽ ദിവ്യ എസ്. അയ്യരും ടി.വി. അനുപമയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വാർത്തയായതിന് പിന്നാലെയാണ് ഈ മാറ്റം.
ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് ഡോ. ഷർമിള മേരി ജോസഫിനെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. വനിതാ ശിശുവികസന വകുപ്പിന്റെ അധിക ചുമതലയും ഇവർക്ക് ഉണ്ടാകും. മുഹമ്മദ് ഹനീഷ് എ.പി.എം. ആണ് പുതിയ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. ആയുഷ്, പൊതുവിദ്യാഭ്യാസം, വഖഫ്, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളുടെ അധിക ചുമതലയും ഹനീഷ് വഹിക്കും. വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പുനീത് കുമാറിനെയും കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് തിരിച്ചെത്തിയ ഡോ. എം. ബീനയെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും ഡോ. വീണ എൻ. മാധവനെ കൃഷി വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.
ഇതിനു പുറമേ ഇലക്ട്രോണിക്സ് & ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി സുഹാസ് എസിനെയും, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ശ്രീറാം സാമ്പശിവ റാവുവിനെയും, തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പി.ബി. നൂഹിനെയും നിയമിച്ചിട്ടുണ്ട്. ജിഎസ്ടി വകുപ്പ് കമ്മീഷണറായി ജാഫർ മാലിക്കും, മിൽമ മാനേജിങ് ഡയറക്ടറായും നോർക്ക റൂട്ട്സ് സി.ഇ.ഒ ആയും അഫ്സാന പർവീണും, പുതിയ ടൂറിസം ഡയറക്ടറായി അനു കുമാരിയും ചുമതലയേൽക്കും.



