മുംബൈ: പരമ്പരാഗത ശൈലിയും ആധുനിക ഫാഷനും കോർത്തിണക്കി ബോളിവുഡ് താരം സോനം കപൂർ വീണ്ടും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. പ്രശസ്ത ഡിസൈനർ ഗൗരങ് ഷായുടെ ശേഖരത്തിൽ നിന്നുള്ള ജ്വവൽ ടോൺഡ് കലംകാരി വസ്ത്രത്തിലാണ് താരം അതിമനോഹരയായി പ്രത്യക്ഷപ്പെട്ടത്. അജന്ത-എല്ലോറ പെയിന്റിംഗുകളുടെ മാതൃകയിലുള്ള എംബ്രോയ്ഡറി വർക്കുകളും സങ്കീർണ്ണമായ സുവർണ്ണ ഇഴകളും ചേർന്ന വസ്ത്രം ഫാഷൻ പ്രേമികളുടെ മനംകവരുന്നതാണ്.
ഇളം പച്ചയും സ്വർണ്ണ നിറവും ഇടകലർന്ന വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിൽ ഡീപ് കോൾഡ് ഐ മേക്കപ്പും, ഗോൾഡൻ ജുമ്മിക്കുകളുമാണ് താരം തെരഞ്ഞെടുത്തത്. മധ്യഭാഗം വച്ച് ഒതുക്കിക്കെട്ടിയ സ്ലീക്ക് ബൺ ഹെയർസ്റ്റൈൽ ലുക്കിന് കൂടുതൽ ചാരുത നൽകി. ബോളിവുഡിന്റെ ആത്യന്തിക ഫാഷൻ ഐക്കൺ എന്ന വിശേഷണത്തിന് അർഹയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് സോനത്തിന്റെ ഈ പുതിയ പരീക്ഷണവസ്ത്രധാരണം.



