ബംഗാൾ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഒരിക്കൽ ചെങ്കോട്ടയെന്ന് അഹങ്കരിച്ചിരുന്ന ഇടതുപക്ഷത്തിന്റേത് വെറുമൊരു പതനമല്ല, മറിച്ച് ചരിത്രത്തിൽ ഇന്നുവരെ കാണാത്ത വിധമുള്ള ദയനീയമായ നാണക്കേടാണ്. ജനങ്ങളുടെ മനസിൽ നിന്ന് തൂത്തെറിയപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ അന്ത്യകൂദാശയാണ് നന്ദിഗ്രാമിലും റെജിനഗറിലും നാം ഇന്ന് കാണുന്നത്. മൂന്നര പതിറ്റാണ്ടുകാലം ബംഗാളിന്റെ മണ്ണിൽ അധികാരത്തിന്റെ അഹങ്കാരത്തിൽ വാണരുളിയ സിപിഎമ്മിന് ഇന്ന് സ്വന്തം ചിഹ്നത്തിന് വോട്ട് ചെയ്യാൻ പോലും ആളില്ലാത്ത ഗതികേടാണ് വന്നിരിക്കുന്നത്.
നന്ദിഗ്രാം എന്ന പേര് കേൾക്കുമ്പോൾ തന്നെ വിറയ്ക്കുന്നത് എകെജി സെന്ററിലെ നേതാക്കൾക്കായിരിക്കും. കാരണം, വിപ്ലവത്തിന്റെ പേരിലിറങ്ങി സാധാരണ കർഷകരുടെ നെഞ്ചിലേക്ക് വെടിയുതിർത്ത കറുത്ത ചരിത്രത്തിന്റെ സ്മാരകമാണ് ആ മണ്ണ്. അതേ നന്ദിഗ്രാമിലെ ഉപതെരഞ്ഞെടുപ്പ് ഫലം നോക്കൂ; ബിജെപി സ്ഥാനാർത്ഥി ഹസി റാണി റത്ത് ഒരു ലക്ഷത്തിലധികം വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷവുമായി മുന്നേറുമ്പോൾ, ഇടത് മുന്നണിയുടെ സിപിഐ സ്ഥാനാർത്ഥി ശാന്തി ഗോപാൽ ഗിരി നേടിയത് വെറും മൂവായിരത്തി തൊള്ളായിരത്തോളം വോട്ടുകൾ മാത്രമാണ്. നന്ദിഗ്രാമിലെ കർഷകത്തൊഴിലാളികൾ ചെങ്കൊടിയെ എത്രത്തോളം വെറുക്കുന്നു എന്നതിന് ഇതിലും വലിയൊരു തെളിവ് വേറെ ആവശ്യമുണ്ടോ? തോൽവി എന്നത് തെരഞ്ഞെടുപ്പുകളിൽ സ്വാഭാവികമാണ്, എന്നാൽ കെട്ടിവെച്ച കാശ് പോലും കാണാതെ ജനങ്ങൾ മുഖത്തടിക്കുന്ന ഈ നാണക്കേടിനെ എന്ത് പേരിട്ടാണ് ഇവിടുത്തെ മാർക്സിസ്റ്റ് സൈബർ പോരാളികൾ ന്യായീകരിക്കാൻ പോകുന്നത്?
ഇനി റെജിനഗറിലെ ചിത്രത്തിലേക്ക് വരികയാണെങ്കിൽ അവസ്ഥ ഇതിലും പരിതാപകരമാണ്. സിപിഎമ്മിന്റെ സ്വന്തം സ്ഥാനാർത്ഥി മുഹമ്മദ് സയീദിന് ലഭിച്ച വോട്ടുകളുടെ എണ്ണം കേട്ടാൽ ആർക്കും ചിരി വരും, വെറും 1212 വോട്ടുകൾ! ബിജെപി സ്ഥാനാർത്ഥി അൻപതിനായിരത്തോളം വോട്ടുകളുമായി മുന്നിൽ നിൽക്കുമ്പോഴാണ് പ്രബുദ്ധ വിപ്ലവ പാർട്ടിയുടെ സ്ഥാനാർത്ഥി ഒരു ചെറിയ പഞ്ചായത്ത് വാർഡിലെ വോട്ട് പോലും തികച്ചുപിടിക്കാനാവാതെ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. ബംഗാളിൽ സിപിഎമ്മിന്റെ കൊടിപിടിക്കാൻ നേതാക്കളുടെ കുടുംബങ്ങൾ പോലും തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ
കേരളത്തിലിരുന്ന് വലിയ വായിൽ വർത്തമാനം പറയുകയും കേന്ദ്രത്തിനെതിരെ ദിവസേന പ്രസ്താവനകൾ ഇറക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് നേതാക്കൾ ഈ കണക്കുകൾ ഒന്ന് കണ്ണുതുറന്ന് കാണണം. അധികാരത്തിന്റെ തണലിൽ ക്വട്ടേഷൻ സംഘങ്ങളെയും ഗുണ്ടകളെയും തീറ്റിപ്പോറ്റി, ജനങ്ങളുടെ വിയർപ്പിന്റെ വിലയറിയാതെ ജീവിച്ചാൽ ബംഗാളിലെ സിപിഎമ്മിന്റെ അതേ അന്ത്യമായിരിക്കും എവിടെയും കാത്തിരിക്കുന്നത്. ത്രിപുരയിൽ ജനങ്ങൾ അടിച്ചുപുറത്താക്കി, ബംഗാളിൽ നോക്കുകുത്തിയായി മാറി, ഇപ്പോൾ കഷ്ടിച്ച് കേരളത്തിൽ മാത്രം അവശേഷിക്കുന്ന ഈ പാർട്ടിക്ക് ജനകീയ അടിത്തറയല്ല ഉള്ളത്, മറിച്ച് രാഷ്ട്രീയ അന്ധത മാത്രമാണെന്ന് ഈ ഉപതെരഞ്ഞെടുപ്പ് വീണ്ടും അടിവരയിടുന്നു.
വർഗ്ഗസമരവും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യവും പ്രസംഗിച്ച് സാധാരണക്കാരെ പറ്റിക്കുന്ന ഇവരുടെ പൊള്ളത്തരം പശ്ചിമബംഗാളിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ബിജെപിക്ക് മുന്നിൽ ബംഗാൾ ജനത പൂർണ്ണ വിശ്വാസമർപ്പിക്കുമ്പോൾ, ചുവപ്പ് കൊടിയേന്തിയവർക്ക് നോട്ടയ്ക്ക് തുല്യമായ വോട്ടുകൾ മാത്രം നൽകി ജനം പരിഹസിക്കുന്നത്. നന്ദിഗ്രാമിലെ കർഷകരുടെ കണ്ണീരും ചോരയും ഇന്നും ആ മണ്ണിൽ വീണുകിടപ്പുണ്ട്, അതിനുള്ള മറുപടിയാണ് ഓരോ തവണ വോട്ടിങ് മെഷീൻ തുറക്കുമ്പോഴും അവിടുത്തെ ജനങ്ങൾ സിപിഎമ്മിന് നൽകിക്കൊണ്ടിരിക്കുന്നത്.
സ്വയം തിരുത്താനോ കാലത്തിനൊത്ത് മാറാനോ തയ്യാറാകാതെ, കപട ആദർശങ്ങളുടെ പുറംതോട് അണിഞ്ഞ് നടക്കുന്ന നേതാക്കൾ ഇനിയെങ്കിലും യാഥാർത്ഥ്യം ഉൾക്കൊള്ളണം. ബംഗാളിൽ അടക്കം പൂട്ടിക്കെട്ടിയ ഈ ചെങ്കൊടി പ്രസ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടാൻ അധികനാൾ ബാക്കിയില്ല എന്നതിന്റെ വ്യക്തമായ അപായമണിയാണ് ഈ ഉപതെരഞ്ഞെടുപ്പ് ഫലം. ജനങ്ങളെ വിഡ്ഢികളാക്കി എത്രകാലം മുന്നോട്ടുപോകാമെന്ന് വിചാരിച്ചാലും, ബാലറ്റ് പെട്ടിയിലൂടെ ജനങ്ങൾ നൽകുന്ന തിരിച്ചടിക്ക് മുന്നിൽ ഒരു ന്യായീകരണവും വിലപ്പോവില്ല.



