ഇനി എന്ത്??? തിരുവനന്തപുരം നഗരസഭയെ പിടിച്ചു കുലുക്കി പുതിയ പോർമുഖം തുറക്കുമ്പോൾ

തിരുവനന്തപുരം നഗരസഭയെ പിടിച്ചുകുലുക്കി പുതിയൊരു രാഷ്ട്രീയപ്പോര് പുകയുകയാണ്. കൗൺസിൽ യോഗങ്ങളിലെ ഹാജർ പുസ്തകത്തിൽ വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ സുഗതന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണം ഉന്നയിച്ച സിപിഎം നേതാവും നഗരസഭാ പ്രതിപക്ഷ നേതാവുമായ എസ്.പി. ദീപക്കിനെതിരെ മേയർ വി.വി. രാജേഷ് കടുത്ത നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുന്നു.  വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തന്നെ വ്യക്തിഹത്യ നടത്താനും നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മേയർ അഞ്ച് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.  നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം നഷ്ടപരിഹാരത്തുക നൽകുകയും പരസ്യമായി മാപ്പുപറയുകയും ചെയ്തില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് മേയറുടെ കർശന മുന്നറിയിപ്പ്. കഴിഞ്ഞ ഒക്ടോബർ നാലിന് പ്രതിപക്ഷ നേതാവ് എസ്.പി. ദീപക് വാർത്താസമ്മേളനം വിളിച്ച് ചേർത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. നഗരസഭയിലെ കൗൺസിലറായ സുഗതൻ പങ്കെടുക്കാതിരുന്ന യോഗങ്ങളിൽ അദ്ദേഹത്തിന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ ചേർന്ന കൗൺസിൽ യോഗങ്ങളിലാണ് ഈ തിരിമറി നടന്നതെന്നും, വിവരാവകാശ നിയമപ്രകാരം ലഭിച്ച ഹാജർ പുസ്തകത്തിന്റെ പകർപ്പ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയതെന്നും ദീപക് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. മേയറുടെ ഓഫീസിന്റെ അറിവോടെയും ഒത്താശയോടെയുമാണ് ഇതെല്ലാം നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങളെല്ലാം പൂർണ്ണമായും തള്ളിക്കളയുകയാണ് മേയർ. യാതൊരുവിധ തെളിവുകളോ വസ്തുതകളോ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു ഗുരുതരമായ കളവ് പൊതുസമൂഹത്തിന് മുന്നിൽ പ്രചരിപ്പിച്ചത്. ജനങ്ങൾക്കിടയിൽ തനിക്കുള്ള സ്വീകാര്യതയിലും ജനപ്രീതിയിലും അസഹിഷ്ണുത പൂണ്ടാണ് ദീപക് ഇത്തരമൊരു നീക്കം നടത്തിയത്. നഗരസഭയുടെയും ഭരണനേതൃത്വത്തിന്റെയും സൽപ്പേര് തകർക്കുക എന്ന ആസൂത്രിത ലക്ഷ്യത്തോടെയാണ് വാർത്താസമ്മേളനം വിളിച്ചത്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇത് വ്യാപകമായി പ്രചരിക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. ബിജെപിയുമായും ആർഎസ്എസുമായും ചേർന്ന് ഗൂഢാലോചന നടത്തി കൗൺസിൽ നടപടികളിൽ ക്രമക്കേട് കാണിച്ചെന്ന ആരോപണവും അടിസ്ഥാനരഹിതമാണെന്നും വക്കീൽ നോട്ടീസിൽ  പറയുന്നു. ഇന്നുവരെ പൊതുജീവിതത്തിൽ യാതൊരുവിധ കളങ്കവുമില്ലാതെ പ്രവർത്തിച്ച തന്റെ രാഷ്ട്രീയ ഭാവിയെ തകർക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്നും മേയർ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാന നഗരിയുടെ സമഗ്ര വികസനത്തിനായി രാജ്യത്തെ വിവിധ നഗരങ്ങളിലെ മേയർമാരുമായും അമേരിക്കയിലെ നഗരസഭാ മേയറുമായും ചർച്ചകൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയമാകുമ്പോഴാണ് ഈ പ്രചരണം ഉണ്ടായത്. ഇത് പ്രാദേശികമായി മാത്രമല്ല, ഇത് നഗരസഭയുടെയും മേയറുടെയും അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണ്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നഗരസഭയിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ആത്മവീര്യം കെടുത്തുമെന്നും വികസന കുതിപ്പിന് തുരങ്കം വെക്കുമെന്നും മേയർ ആരോപിക്കുന്നു. നഗരത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുക എന്ന ഹീനമായ രാഷ്ട്രീയ അജണ്ടയാണ് ഇതിന് പിന്നിലുള്ളത്.
വ്യാജ പ്രചാരണങ്ങളിലൂടെ തനിക്കുണ്ടായ മാനസിക വിഷമങ്ങൾക്കും പൊതുസമൂഹത്തിൽ നേരിട്ട അപമാനത്തിനും നഷ്ടപരിഹാരം നൽകാൻ പ്രതിപക്ഷ നേതാവിന് പൂർണ്ണ ബാധ്യതയുണ്ട്. അല്ലാത്തപക്ഷം ദീപക്കിന്റെ വ്യക്തിഗത സ്വത്തുക്കളിൽ നിന്നടക്കം നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമവഴികളിലേക്ക് കടക്കും. വക്കീൽ നോട്ടീസ് അടിയന്തരമായി ഇ-മെയിൽ വഴിയും രജിസ്റ്റർ ചെയ്ത തപാൽ മാർഗ്ഗവും പ്രതിപക്ഷ നേതാവിന് അയച്ചിട്ടുണ്ട്.  താൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് ഉറച്ചുനിൽക്കുമോ അതോ നിയമനടപടികളെ ഭയന്ന് മാപ്പുപറയുമോ എന്നാണ് രാഷ്ട്രീയ കേരളം ഇനി ഉറ്റുനോക്കുന്നത്. മേയറുടെ ഈ ശക്തമായ പ്രത്യാക്രമണം പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. സുതാര്യമായ ഭരണവുമായി മുന്നോട്ടുപോകുമെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും വ്യക്തമാക്കി വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പോരാട്ട വീര്യത്തിലാണ്.

അതേസമയം എസ്.പി.ദീപക്കിന്റെ പരാതിയില്‍ മേയര്‍ വി.വി. രാജേഷ് വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് . മ്യുസിയം പോലീസ് കേസെടുത്തിരിക്കുന്നത്.  കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.വി.വി. രാജേഷാണ് കേസിലെ ഒന്നാം പ്രതി. സുഗതൻ രണ്ടാം പ്രതിയും കോർപറേഷന്‍ സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. മേയര്‍ ഉള്‍പ്പെടെയുള്ളവരെ വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles