അടൂരിൽ ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച് 16കാരൻ, അമ്മയ്ക്കും ബൈക്ക് ഉടമയ്ക്കുമെതിരെ കേസ്

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുടെ സാഹസിക ഡ്രൈവിങ്. അടൂരിൽ ലൈസൻസില്ലാതെ കാറും ബൈക്കും ഓടിച്ച 16 കാരനെതിരെ നടപടിയുമായി പൊലീസ്. സംഭവത്തിൽ കുട്ടിയുടെ മാതാവിനും ബൈക്ക് ഉടമയ്ക്കുമെതിരെ കേസെടുത്തു.

പത്തനംതിട്ട ഏഴംകുളം സ്വദേശിയായ 16കാരനാണ് അടൂർ, കൊടുമൺ മേഖലകളിൽ കാറും ബൈക്കും ഓടിച്ചത്. വാഹനങ്ങൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കുട്ടി ഓടിച്ചിരുന്നത് മാതാവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറായിരുന്നു. കൊല്ലം പാതിരിക്കൽ സ്വദേശിയായ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈക്കും കുട്ടി ഓടിച്ചതായി റിപ്പോർട്ടുകളുണ്ട്. കുട്ടിയുടെ മാതാവിനെതിരെയും ബൈക്ക് ഉടമയായ രവീന്ദ്രനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. രവീന്ദ്രൻ ബൈക്ക് കുട്ടിയുടെ കുടുംബത്തിന് വിറ്റതാണെന്നാണ് വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പൊലീസ് ഇടപെടുകയും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് വാഹനമോടിക്കാൻ അനുമതി നൽകുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത്തരം സംഭവങ്ങൾ റോഡിലെ മറ്റു യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ റീൽസുകളും വീഡിയോകളും പങ്കുവയ്ക്കാനുള്ള പ്രവണതയുടെ ഭാഗമായി നിയമങ്ങൾ ലംഘിച്ച് വാഹനമോടിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കളുടെ ഉത്തരവാദിത്തവും വീണ്ടും ചർച്ചയാകുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles