‘ലോകനാർക്കാവിലമ്മയാണേ…ഞാനിനിയും വരും…..നാവിൽ കപ്പലോടിക്കും രുചി!! മന്ദിരം ഷാപ്പിലെ കപ്പയും എല്ലുകറിയും പിന്നെ ഒരു കുപ്പി കള്ളും

കോതമംഗലത്ത് നിന്ന് പുനലൂരിലേക്ക് വരുന്ന വഴിയിൽ റാന്നി മന്ദിരം പടിക്കടുത്ത് റോഡിൽ നിന്ന് ഒരൽപ്പം വലത്തേക്ക് മാറി ഒരു കള്ളുഷാപ്പുണ്ട്. ഒരു ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ മന്ദിരം ഫുഡ് കോർട്ടിൽ കയറി. ബോർഡിൽ എഴുതി വച്ചിട്ടുണ്ട്…’നാടൻ കള്ളും, ഷാപ്പിലെ കറിയും.’ ഉച്ച കഴിഞ്ഞ നേരമായത് കൊണ്ട് തിരക്ക് ഒട്ടുമില്ല. അപ്പുറത്തെ ക്യാബിനിൽ ഒരു ഭാര്യയും ഭർത്താവും ഇരിപ്പുണ്ട്. ചെന്നു കയറിയപ്പോൾത്തന്നെ ഭിത്തിയിൽ ഒരു ബോർഡ് കണ്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.


കപ്പ, അപ്പം, ചപ്പാത്തി, പൊറോട്ട, കപ്പ ബിരിയാണി, ബീഫ് ഫ്രൈ, പന്നി, കക്ക, മീൻ കറി, മീൻ ഫ്രൈ, പൊടിമീൻ കറി, വാരി, പോട്ടി, താറാവ്, മുയൽ, നാടൻ കോഴി, കോഴി റോസ്റ്റ്, ഞണ്ട്, കൊഞ്ച്, മീൻതല, കരിമീൻ…
എല്ലാം വായിച്ചു കഴിഞ്ഞ്, നേരെ പോയി ഒരു മേശയ്ക്ക് മുന്നിലിരുന്നു. അപ്പോഴേക്കും സപ്ലയർ ചേട്ടനെത്തി.

രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.
“ഒരു കപ്പേം, എല്ലു കറീം, പിന്നൊരു കുപ്പി കള്ളും”
“മൂത്തതാണോ…?”
“മൂത്തതോ എളേതോ…അതൊന്നും എനിക്കറീല്ല. നല്ലത് തരണം.”

ചേട്ടൻ നേരെ അകത്തേക്ക് വിട്ടു. രണ്ടേരണ്ടു മിനിറ്റ്. ഒരു കുപ്പി കള്ളുമായിട്ട് വന്നു. കള്ള് കുപ്പീം ഗ്ലാസും മേശപ്പുറത്ത് വച്ചിട്ട്, പുള്ളി തിരിഞ്ഞ് ഒരൊറ്റ നടത്തം. പിന്നെ വന്നത് ഒരു കയ്യിൽ കപ്പയും, മറുകയ്യിൽ എല്ലുകറിയുമായി. കുപ്പിയിൽ നിന്ന് കള്ള് ഗ്ലാസ്സിലേക്കൊഴിച്ചു. ഇത്തിരിയൊന്നു രുചിച്ചു നോക്കി. കൊള്ളാം, തരക്കേടില്ല. പിന്നീടാണ് ഞാനാ എല്ലുകറിയിലേക്ക് നോക്കിയത്.

നല്ല ബ്രൗൺ നിറത്തിൽ, കുറുകിയ ചാറ്. ആ ചാറിൽ മുങ്ങി നാലഞ്ച് കഷണം എല്ലും. കള്ള് ഒരിത്തിരി കുടിച്ചിട്ട്, ഇത്തിരി കപ്പയെടുത്ത്, ആ ചാറിലേക്ക് മുക്കി നാവിലേക്ക് വച്ചു. വറുത്തരച്ച മസാലയുടെ അസാദ്ധ്യ രുചി. എരിവും ഉപ്പുമൊക്കെ കറകറക്റ്റ്. പാത്രങ്ങൾ കാലിയാകാൻ ഒരുപാട് നേരമൊന്നും വേണ്ടിവന്നില്ല. എല്ലുകറിയിലെ ചാറ് ചൂണ്ടുവിരൽ കൊണ്ട് വടിച്ചെടുത്ത് നാവിലേക്ക് തേച്ചാണ് കപ്പയും എല്ലുകറിയും കള്ളുമായിട്ടുള്ള യുദ്ധം അവസാനിപ്പിച്ചത്. ബില്ല് കൊടുക്കുമ്പോൾ ചോദിച്ചു.


“ചേട്ടാ, ആരാണ് കുക്ക്.?”
“ദേ ഇതുതന്നെ…” എന്നു പറഞ്ഞ്, പുള്ളി അടുത്ത് നിൽക്കുന്ന ആളിനെ നോക്കി മുഖം ചരിച്ചു. സന്തോഷ് എന്നാണ് പുള്ളീടെ പേര്. വീട് സീതത്തോട്. ‘ഇതാ ഇതിരിക്കട്ടെ’ എന്നു പറഞ്ഞ് ഒരമ്പത് രൂപ ഞാനയാൾക്ക് കൊടുത്തു. പുള്ളിക്ക് പെരുത്ത സന്തോഷം. തിരികെ വണ്ടിയിൽക്കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ പറഞ്ഞു.
‘ലോകനാർക്കാവിലമ്മയാണേ…ഞാനിനിയും വരും.’

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles