തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീർത്ഥാടന മുന്നൊരുക്കങ്ങളിൽ പൂർണ്ണ തൃപ്തിയുണ്ടെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ശബരിമലയിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ച ഫെസ്റ്റിവൽ കൺട്രോൾ റൂമിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോർഡ് എല്ലാ കാര്യങ്ങളും സർക്കാരിനെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതോടെ മുന്നൊരുക്കങ്ങളെച്ചൊല്ലി മന്ത്രിയും ദേവസ്വം ബോർഡും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾക്ക് വിരാമമായി.
മുഖ്യമന്ത്രിയും മന്ത്രിമാരും തീർത്ഥാടന ഒരുക്കങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. ഇത്രത്തോളം സഹകരിച്ച മറ്റൊരു സർക്കാരില്ലെന്നും പൂർവ്വാധികം ശക്തമായ പിന്തുണയാണ് ദേവസ്വം മന്ത്രി നൽകുന്നതെന്നും അദ്ദേഹം പ്രശംസിച്ചു. നേരത്തെ, മുന്നൊരുക്കങ്ങളിൽ അപാകതകളുണ്ടെന്ന് മന്ത്രി വിമർശിക്കുകയും എല്ലാം ശരിയാണെന്ന് ബോർഡ് വാദിക്കുകയും ചെയ്തതോടെ ഇരുവരും രണ്ട് തട്ടിലായിരുന്നു. എന്നാൽ നട തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എല്ലാ ഒരുക്കങ്ങളും തൃപ്തികരമാണെന്ന് മന്ത്രി സ്ഥിരീകരിച്ചു. അടുത്ത തിങ്കളാഴ്ച ശബരിമലയിലെത്തുന്ന ദേവസ്വം മന്ത്രി എല്ലാ ക്രമീകരണങ്ങളും നേരിട്ട് പരിശോധിക്കും.
മണ്ഡലകാല ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരത്ത് ഒരു ഫെസ്റ്റിവൽ കൺട്രോൾ റൂം തുറക്കുന്നത്. ശബരിമലയിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിനും പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനുമുള്ള പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, വഴിപാട് ബുക്കിംഗ്, അപ്പം, അരവണ, നെയ്യഭിഷേക ടിക്കറ്റുകൾ, കെ.എസ്.ആർ.ടി.സി ബുക്കിംഗ് എന്നിവയെല്ലാം ദേവസ്വം ബോർഡ് ആസ്ഥാനത്തെ ഈ കൺട്രോൾ റൂമിലൂടെ ഭക്തർക്ക് നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.



