ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ. നവംബർ 5 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിലെയും അഞ്ച് എൻസിആർ ജില്ലകളിലെയും സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രം നേരിട്ടെത്തി ജോലി ചെയ്താൽ മതിയെന്നും ബാക്കിയുള്ളവർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കണമെന്നുമാണ് നിർദ്ദേശം.
ഡൽഹിക്ക് പുറമെ ഗുഡ്ഗാവ്, ഫരീദാബാദ്, സോനിപത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ ജില്ലകൾക്കാണ് ഈ ഉത്തരാവ് ബാധകമാവുക. എന്നാൽ അത്യാവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും ചില നിർദ്ദിഷ്ട വ്യവസായങ്ങൾക്കും ഇതിൽ ഇളവുണ്ടായിരിക്കും.
വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി എൻസിആർ മേഖലയിലുടനീളം പൊടിപടലങ്ങൾ ഉയർത്തുന്ന പൊളിക്കൽ നടപടികൾക്കും പുറത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള പ്രോജക്ടുകൾ, പ്രതിരോധ പ്രവർത്തനങ്ങൾ, റെയിൽവേ, മെട്രോ, വിമാനത്താവളം, ആശുപത്രികൾ, ശുദ്ധജല വിതരണ പദ്ധതികൾ തുടങ്ങിയ അത്യാവശ്യ പൊതു അടിസ്ഥാന സൗകര്യ വികസനങ്ങൾ ഒഴിച്ച് മറ്റെല്ലാ നിർമ്മാണങ്ങൾക്കും ഈ നിരോധനം ബാധകമാണ്. നവംബർ മാസത്തിന്റെ തുടക്കത്തിൽ കാറ്റിന്റെ വേഗത കുറയുന്നതും അന്തരീക്ഷ താപനില താഴുന്നതും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതും വായുനിലവാരം അതീവ ഗുരുതരമായ ‘സെവിയർ’ വിഭാഗത്തിലേക്ക് എത്തിക്കാൻ സാധ്യതയുള്ളതിനാലാണ് കമ്മീഷൻ മുൻകരുതൽ നടപടികൾ കർശനമാക്കിയത്.



