പാറ്റ്ന : വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ബിഹാറിൽ ഉന്നത ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ കള്ളപ്പണവും സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തു. പാട്നയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് മാജിസ്ട്രേറ്റ് രവീന്ദ്ര കുമാർ ദിവാകറും അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പൂരിലെ സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റിയുമാണ് വിജിലൻസിന്റെ വലയിലായത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു പാട്നയിലെ ഔദ്യോഗിക വസതിയിലും ബേഗുസരായിലെ തറവാട്ടു വീട്ടിലും ഒരേസമയം റെയ്ഡ് നടത്തിയത്.
അലമാരകളിലും കിടക്കകൾക്കടിയിലുമായി ഒളിപ്പിച്ചുവെച്ച നോട്ടുകെട്ടുകൾ എണ്ണുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥർ ബാങ്കുകളിൽ നിന്ന് വലിയ നോട്ട് എണ്ണൽ മെഷീനുകൾ എത്തിക്കുകയാണുണ്ടായത്. വിജിലൻസ് ഡി.ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ ഇതുവരെ ഒരുകോടിയിലധികം രൂപയുടെ കള്ളപ്പണമാണ് കണ്ടെടുത്തത്. പാട്നയിലെ വസതിയിൽ നിന്ന് 70 ലക്ഷം രൂപയുടെ കറൻസിയും 48 ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ഇതിനുപുറമെ ബേഗുസരായിലെ വീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും കിലോക്കണക്കിന് സ്വർണ്ണ-വെള്ളി ആഭരണങ്ങളും കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാടുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്.
സാധാരണക്കാർ ഒരു തുണ്ട് ഭൂമിക്കായി കഷ്ടപ്പെടുമ്പോൾ, ദമ്പതികൾ പാറ്റ്നയിലെ പ്രമുഖ പ്രദേശങ്ങളിൽ കോടികൾ മുടക്കി ഫ്ലാറ്റുകളും പ്ലോട്ടുകളും സ്വന്തമാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇരുവരുടെയും പേരിൽ ഒരു കോടി ഏഴു ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് വലിയ ഫ്ലാറ്റുകളും, ഭാര്യയുടെയും പിതാവിന്റെയും പേരിലായി ഒരു കോടി ഇരുപത്തിയെട്ട് ലക്ഷത്തോളം രൂപ വിലവരുന്ന മൂന്ന് പ്ലോട്ടുകളുടെ രേഖകളുമാണ് പിടിച്ചെടുത്തത്. റേഷൻ വിതരണ വകുപ്പിലും ഭൂമി രജിസ്ട്രേഷൻ വിഭാഗത്തിലും ഉയർന്ന പദവികൾ അലങ്കരിച്ചിരുന്ന ഇവർ അധികാര ദുർവിനിയോഗം നടത്തിയാണ് ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ദമ്പതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.



