തിരുവനന്തപുരം: ഔദ്യോഗിക യാത്രകളിൽ അകമ്പടി വാഹനങ്ങളുടെ എണ്ണം വർധിപ്പിച്ച സംഭവത്തിൽ പോലീസിനോട് അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കവടിയാറിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പൈലറ്റ് വാഹനത്തിന് മുന്നിൽ മറ്റൊരു പോലീസ് വാഹനം കൂടി പോകുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിലാണ് അദ്ദേഹം തന്റെ അസംതൃപ്തി പരസ്യമാക്കിയത്.
ഔദ്യോഗിക യാത്രയ്ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് ചടങ്ങിൽ വന്നിറങ്ങിയ ഉടൻ മുഖ്യമന്ത്രി സ്ഥലത്തുണ്ടായിരുന്ന ഡിസിപിയെ വിളിച്ചുവരുത്തി കർശന നിർദ്ദേശം നൽകി. എന്നാൽ, ആദ്യം പോയ വാഹനം ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ലെന്നും, പരിപാടി സ്ഥലത്തേക്ക് എത്തേണ്ടിയിരുന്ന മ്യൂസിയം എസ്.എച്ച്.ഒയുടെ വാഹനമാണ് മുന്നിൽ പോയതെന്നും പോലീസ് മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി.
മുൻ മുഖ്യമന്ത്രിമാർ സഞ്ചരിച്ചിരുന്നതുപോലെ നിരവധി വാഹനങ്ങളുടെ അകമ്പടി തനിക്ക് ആവശ്യമില്ലെന്ന് അധികാരമേറ്റെടുത്ത വേളയിൽ തന്നെ മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, യുവമോർച്ചയുടെയും ബിജെപിയുടെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ പൊലീസിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. പലയിടങ്ങളിലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് മുന്നിലേക്ക് പ്രവർത്തകർ ചാടിവീഴുന്നതും വഴിയടച്ച് തടയുന്നതുമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കണമെന്ന നിലപാടിലാണ് പോലീസ്.



