ഇടുക്കി: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ രണ്ടര ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച അസം സ്വദേശികളായ മാതാപിതാക്കളും ഇടനിലക്കാരനും അറസ്റ്റിൽ. . ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലി ചെയ്തുവരികയായിരുന്ന അസം സ്വദേശികളായ ദമ്പതികളും ഇവരുടെ നാട്ടുകാരനായ ഇടനിലക്കാരൻ ജാഡുഗോഗിയുമാണ് പോലീസിന്റെ പിടിയിലായത്. കട്ടപ്പന പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
കട്ടപ്പനയിലുള്ള തന്റെ സുഹൃത്ത് വഴി നാലുലക്ഷം രൂപയ്ക്ക് കുഞ്ഞിനെ കൈമാറാമെന്ന് ഇടനിലക്കാരനാണ് ആദ്യം വാഗ്ദാനം ചെയ്തത്. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ രണ്ടര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും മാതാപിതാക്കളെയും കുഞ്ഞിനെയും കട്ടപ്പനയിൽ എത്തിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്ന് മക്കളുള്ള ഈ ദമ്പതികളുടെ മൂത്ത രണ്ട് കുട്ടികൾ നിലവിൽ അസമിൽ സഹോദരിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കമാണ് കുഞ്ഞിനെ വിൽക്കാൻ പ്രേരണയായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.



