സൂറത്ത്: മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെ വിലക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പിതാവിനെ പ്രഷർ കുക്കറിന്റെ മൂടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഇരുപത്തിരണ്ടുകാരി പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നിരിക്കുന്നത്. മൊബൈൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനെയും പഠനത്തിലും വീട്ടുജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനെയും കുറിച്ച് പിതാവ് ശാസിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
പഠനത്തിലും വീട്ടുജോലികളിലും ശ്രദ്ധിക്കാതെ യുവതി എപ്പോഴും ഫോൺ ഉപയോഗിക്കുന്നതിനെതിരെ പിതാവ് നിരന്തരം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സംഭവ ദിവസവും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വലിയ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ കടുത്ത ദേഷ്യത്തിലായ യുവതി അടുക്കളയിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ മൂടി എടുത്തു പിതാവിന്റെ തലയ്ക്ക് പലതവണ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പിതാവ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ശബ്ദം കേട്ടെത്തിയ അയൽവാസികളും കുടുംബാംഗങ്ങളും ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അമ്രോലി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജയ്ദീപ് വനാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ പ്രതിയായ യുവതി ജോലിരഹിതയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് യുവതിയെ അറസ്റ്റ് ചെയ്തതായും പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.



