ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മിസൈൽ നിർമ്മാണ രാസവസ്തു! വൻ ശേഖരവുമായി സഞ്ചരിച്ച കപ്പൽ പിടികൂടി ഇന്തോനേഷ്യൻ നാവികസേന

ജക്കാർത്ത : ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് മിസൈൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുവും ലക്ഷക്കണക്കിന് വ്യാജ സിം കാർഡുകളുമായി പോയ ചരക്കുകപ്പൽ ഇന്തോനേഷ്യൻ നാവികസേന പിടിച്ചെടുത്തു. ‘എം.വി. സ്റ്റാർ ലൈൻസ്’ എന്ന കപ്പലിൽ നിന്ന് 405 ടൺ സോഡിയം പെർക്ലോറേറ്റും 54 പാലറ്റുകളിലായി സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് 4G LTE സിം കാർഡുകളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത രാസവസ്തു ഉപയോഗിച്ച് നൂറോളം മിസൈലുകൾ വരെ നിർമ്മിക്കാൻ സാധിക്കുമെന്ന് ഇന്തോനേഷ്യൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഡെനി സെപ്റ്റിയാൻ വ്യക്തമാക്കിയതോടെ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ചൈനയിലെ ലിയാൻയുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പുറപ്പെട്ട കൊമോറോസ് പതാകയുള്ള കപ്പലാണ് നവംബർ ഏഴിന് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്തുവെച്ച് ഇന്തോനേഷ്യൻ നാവികസേനയുടെ പിടിയിലായത്. നവംബർ എട്ടിന് ബംഗ്ലാദേശിൽ എത്തേണ്ടിയിരുന്ന കപ്പൽ, ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ബെലവാൻ സമുദ്രാതിർത്തിയിൽ അനധികൃതമായി നങ്കൂരമിട്ടതോടെയാണ് നാവികസേനയ്ക്ക് സംശയം തോന്നിയത്. ‘കെ.ആർ.ഐ. സിഗാലു-857’ എന്ന പട്രോളിംഗ് കപ്പലിന്റെ റഡാറിൽ അസ്വാഭാവികമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് റേഡിയോ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കപ്പലിൽ നിന്ന് പ്രതികരണമുണ്ടായില്ല. യാത്രാമധ്യേ കപ്പലിന്റെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തിരുന്നതായും സംശയിക്കുന്നുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കപ്പലിലെ 36 കണ്ടെയ്‌നറുകളിൽ 15 എണ്ണത്തിലായി ഒളിപ്പിച്ച നിലയിൽ 405 ടൺ സോഡിയം പെർക്ലോറേറ്റ് കണ്ടെത്തിയത്. നവംബർ 20-ന് ബെലവാനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നാവികസേന ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.

റോക്കറ്റുകളുടെയും മിസൈലുകളുടെയും പ്രൊപ്പല്ലന്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അതീവ പ്രഹരശേഷിയുള്ള ഓക്സിഡൈസിംഗ് ഏജന്റാണ് സോഡിയം പെർക്ലോറേറ്റ്. ചെറിയ ആയുധങ്ങളും വെടിക്കോപ്പുകളും നിർമ്മിക്കാൻ ശേഷിയുണ്ടെങ്കിലും, ഇത്തരം രാസവസ്തുക്കൾ ഉപയോഗിച്ച് റോക്കറ്റുകളോ മിസൈലുകളോ നിർമ്മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ബംഗ്ലാദേശിനില്ല. ഈ സാഹചര്യത്തിൽ ഇത്രയധികം രാസവസ്തുക്കൾ ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ചത് ആരാണെന്നും എന്തിനുവേണ്ടിയാണെന്നുമുള്ള ചോദ്യങ്ങൾ ദുരൂഹത വർദ്ധിപ്പിക്കുന്നു. ചരക്ക് അയച്ച കമ്പനിയുടെയോ ബംഗ്ലാദേശിലെ സ്വീകർത്താക്കളുടെയോ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

കപ്പലിന്റെ രേഖകളിലും ഗുരുതരമായ ക്രമക്കേടുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. 2027 ഒക്ടോബർ വരെ രജിസ്ട്രേഷൻ കാലാവധിയുണ്ടെന്നാണ് കപ്പലിലെ രേഖകളിൽ പറയുന്നതെങ്കിലും, 2026 ഒക്ടോബർ എട്ടിന് തന്നെ കാലാവധി അവസാനിച്ചതായും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്ത നിലയിലാണെന്നും അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈഫ് റാഫ്റ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ എന്നിവയുടെ അഭാവത്തിലുമാണ് കപ്പൽ സർവീസ് നടത്തിയിരുന്നത്.

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുനീക്കത്തിന് നിർണ്ണായകമായ ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമാണ് മോംഗ്ല. എന്നാൽ അടുത്തകാലത്തായി ഈ മേഖലയിൽ ചൈന സ്വാധീനം ശക്തമാക്കുകയാണ്. 2015-ൽ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്കായി നീക്കിവെച്ചിരുന്ന സ്ഥലം 2025-ൽ റദ്ദാക്കിയ ബംഗ്ലാദേശ്, 2026 ജൂണിൽ 110 ഏക്കറിൽ സാമ്പത്തിക മേഖല വികസിപ്പിക്കാൻ ചൈനീസ് സർക്കാർ കമ്പനിയുമായി കരാറിലേർപ്പെട്ടിരുന്നു. തുറമുഖ വികസനത്തിനായി ചൈന 336 ദശലക്ഷം ഡോളറിന്റെ വായ്പയും അനുവദിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ ഈ തുറമുഖത്തേക്ക് ചൈനയിൽ നിന്ന് മിസൈൽ നിർമ്മാണ രാസവസ്തുക്കൾ എത്താൻ ശ്രമിച്ചത് മേഖലയിലെ സുരക്ഷാ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles