തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആഭ്യന്തര തർക്കം പുതിയ തലത്തിലേക്ക് . ഇരുനേതാക്കളും പരസ്പരം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പരിശോധിക്കുന്നതിനായി സിപിഎം സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചു. ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിവാദവും, പി. ജയരാജനെതിരെ ഉയർന്ന ക്വട്ടേഷൻ-സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധവുമാണ് പാർട്ടി തലത്തിൽ അന്വേഷിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജനെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉൾക്കൊള്ളുന്ന രേഖാമൂലമുള്ള പരാതി ഇ.പി. ജയരാജൻ സമർപ്പിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ക്വട്ടേഷൻ സംഘങ്ങളുമായി പി. ജയരാജന് അടുത്ത ബന്ധമുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൂടാതെ, സ്വർണ്ണം പൊട്ടിക്കൽ സംഘങ്ങളുമായി പി. ജയരാജന് ബന്ധമുണ്ടെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടെന്നും, പാർട്ടിയിലെ മുതിർന്ന നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതിനായി അദ്ദേഹത്തിന്റെ കീഴിൽ പ്രത്യേക നവമാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഇ.പി. ജയരാജൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, കണ്ണൂരിലെ വൈദേകം ആയുർവേദ റിസോർട്ടുമായി ഇ.പി. ജയരാജനുള്ള പങ്കാളിത്തം, ഇതുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേടുകൾ, അനധികൃത സ്വത്തുസമ്പാദനം എന്നിവ സംബന്ധിച്ച് പി. ജയരാജൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളും ഇതേ കമ്മീഷൻ തന്നെ പരിശോധിക്കും. ഇരുനേതാക്കളും തമ്മിലുള്ള പരസ്യവും രഹസ്യവുമായ ഏറ്റുമുട്ടൽ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വം അടിയന്തരമായി ഇടപെട്ടിരിക്കുന്നത്. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഇരുനേതാക്കൾക്കുമെതിരെയുള്ള തുടർനടപടികളിലേക്ക് പാർട്ടി കടക്കുക.



