ഡൽഹി ജന്തർമന്തറിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ വനിതാ മാധ്യമപ്രവർത്തകയെ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വൈറല്‍ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ഡൽഹി പോലീസ് . സംഭവവുമായി ബന്ധപ്പെട്ട് ‘News Aiyna’ എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ഹരിയാന സ്വദേശിയായ 24കാരൻ നദീം അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബർ മൂന്നിന് ജന്തർമന്തറിലെ പ്രതിഷേധത്തിനിടയിൽ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വിവേക് ഭഗത് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന സ്വതന്ത്ര മാധ്യമപ്രവർത്തക റോസിയുടെ ആരോപണത്തിന് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് ഡൽഹി പോലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നാലെയാണ് നദീം അഹമ്മദ് പിടിയിലായത്.
ഇയാളിൽ നിന്ന് നിരവധി ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഡൽഹി പോലീസിന്റെ പ്രതിച്ഛായ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃത്രിമ ദൃശ്യങ്ങൾ തയ്യാറാക്കി പ്രചരിപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കാനും അരാജകത്വം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് എന്നതിനാല്‍ കേസില്‍ കലാപവുമായി ബന്ധപ്പെട്ട വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണെന്നാണ് നദീം സ്വയം പരിചയപ്പെടുത്തിയിരുന്നത്. സംഭവത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായമോ വിദേശബന്ധങ്ങളോ ഉണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.



